മഞ്ഞിന്‍ പുതപ്പണിഞ്ഞ പൊൻമുടിപ്പെണ്ണിനെ കാണാനൊരു യാത്ര…

Jaihind Webdesk
Wednesday, October 13, 2021
കോടമഞ്ഞിന്‍ പുതപ്പണിഞ്ഞ്…

ഋതുഭേദങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരുയാത്രപോകുവാനായി  പിന്നെയും ഇറങ്ങിത്തിരിച്ചു. അവളെക്കാണാൻ… മഞ്ഞിന്‍റെ മേലാട ചുറ്റി മേഘങ്ങളെ തൊട്ടുരുമ്മി ലാസ്യവതിയായ ആ അഗസ്ത്യ പുത്രിയെ ഒരിക്കൽക്കൂടി കാണാൻ. ആ പൊൻമുടിപ്പെണ്ണിനെ കാണാൻ…

പൊൻമുടിയെന്നതിനെക്കാൾ മറ്റൊരു വിശേഷണമില്ലവൾക്ക്. വെയിലേൽക്കുമ്പോൾ പൊന്നുപോലെ തിളങ്ങുന്ന ആ മാറും ആ സൌന്ദര്യം നോക്കിനിൽക്കുമ്പോൾ കോടമഞ്ഞിനാലെ മറയ്ക്കുന്ന അവളിലെ നാണവുമൊക്കെ കാണുമ്പോൾ, പൊൻമുടിയെന്നല്ലാതെ മറ്റെന്ത് വിശേഷണമാണ് നൽകാൻ കഴിയുക! കൊവിഡ് അടച്ചുപൂട്ടൽ ഒഴിവായതോടെ യാത്രപോകാനായ് ആദ്യം മനസിൽ വന്നത് പൊൻമുടിയായിരുന്നു.

വളരെനാളുകൾക്ക് ശേഷമാണ് അവളെക്കാണാൻ പിന്നെയും ഇറങ്ങിത്തിരിച്ചത്. യാത്രതുടങ്ങി. അവളിലേക്കടുക്കും പാതയോരം അവളെ കണ്ടുമടങ്ങുന്ന അവളുടെ നിരവധി കാമുകൻമാരെ കണ്ടു. ഞാനും അങ്ങനെയൊരു കാമുകഭാവത്തിൽ യാത്രതുടർന്നു. അടച്ചുപൂട്ടലിന്‍റെ ഇടവേള തീർന്നതിനാലാവണം ഇത്തവണ യാത്രക്കാരുടെ തിരക്ക് പതിവിനെക്കാൾ കൂടുതലായിരുന്നു. നിരവധിപേർ പല പല ദിക്കുകളിൽ നിന്നും എത്തിയിരിക്കുന്നതും മടങ്ങുന്നതും കണ്ടു. പ്രത്യേകിച്ചും യുവാക്കൾ പതിവുപോലെ തങ്ങളുടെ ഇരുചക്ര ശകടത്തിന്‍റെ പ്രൌഢിയിൽ മലകയറ്റത്തിനെത്തിയിരുന്നു. ഇതൊക്കെ കണ്ട് യാത്ര തുടരുന്ന ഞാനും അവരിൽ ഒരാളായിരുന്നു. ആ ആവേശവും എന്നിലുണ്ടായിരുന്നു. അതിനാലാവാം അന്നേരം കൊണ്ട വെയിലിന്‍റെ ചൂടിന് കാഠിന്യം അറിയാഞ്ഞത്. കുറച്ചുദൂരം കൂടി പിന്നിട്ടപ്പോൾ തന്നെ അകലെനിന്നായ് അവളുടെ തലയെടുപ്പ് ദൃശ്യമാകുന്നുണ്ടായിരുന്നു. ഒരിടവേളയ്ക്കുശേഷം കണ്ടതിനാലാവണം അവൾ കുറേക്കൂടി മനോഹരിയായിരിക്കുന്ന പോലെ തോന്നി. നീലാകാശത്തിന് കീഴിൽ മേഘപുതപ്പ് മൂടിക്കിടക്കുന്ന പൊൻമുടിപ്പെണ്ണിനെ കാണാൻ അത്രയ്ക്കുമുണ്ട് സൌന്ദര്യം! ശരിക്കും മത്തുപിടിപ്പിക്കും ആ വശ്യസൌന്ദര്യം. അകലത്തൂന്നായാൽപ്പോലും അത്രയേറെ അടുപ്പിക്കും കാണുന്നവരുടെ മനസിനെ ആ തലയെടുപ്പ്.

അങ്ങനെ കാഴ്ചകൾ കണ്ട് കണ്ട്, പാതകൾ പിന്നിട്ട് ഞാൻ ആ താഴ്വാരത്തെത്തി.  താഴ്വാരത്ത് ചെറിയ കടകൾ കൂടുതൽ സജീവമായിരിക്കുന്നു. സഞ്ചാരികളുടെ തിരക്കേറിയതിനാലാവണം പ്ലാസ്റ്റിക് ഷിറ്റ് കൊണ്ട് കെട്ടിയ കൂടുതൽ കടകൾ താഴ്വാര പാതയ്ക്ക് ഇരുവശവും ഉണ്ടായിരുന്നു. ചായയും, പലഹാരങ്ങളും, ഐസ്ക്രീമും തുടങ്ങി അവിടെ ഒരു മേളം തന്നെ. ദൂരങ്ങൾ താണ്ടിവരുന്നവർക്ക് കുറച്ചുനേരം വിശ്രമിച്ചുമടങ്ങാൻ പറ്റിയ ഒരു ഇടത്താവളം തന്നെയാണവിടം. ഞാൻ യാത്ര തുടർന്നു.

കല്ലാര്‍

ഒരു ഭാവമാറ്റവുമില്ലാതെ കല്ലാർ ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ എപ്പോഴാണ് ഭാവം മാറുകയെന്നത് പറയാനാവില്ല. കല്ലാറിന്‍റെ ആ ഭാവമാറ്റം പരിചയമില്ലാത്തവർക്ക് അന്നും ഇന്നും ഒരുകടംകഥ പോലാണ്. കല്ലാറിൽ കൂട്ടംതെറ്റിക്കിടക്കുന്ന ഉരുളൻ കല്ലുകൾ തന്നെയാണ് മുഖ്യ ആകർഷണം. ആ കല്ലുകൾക്ക് പിന്നിലുമുണ്ട്കഥകള്‍. കാണിക്കാരുടെ കഥകളിൽ പറയും പോലെ മലദൈവങ്ങളുടെ ബലിക്കല്ലുകളാണവ. മലമുകളിൽ നിന്നും ആർത്തിരമ്പി വന്ന് കൊതിതീരാതെ കെട്ടടങ്ങിയ മലവെള്ളപ്പാച്ചിലിൽ ആ ബലിക്കല്ലുകളിൽ തലയടിച്ചു മൃതിയടഞ്ഞ പലരുടെയും കേൾക്കാതെപോയ നിലവിളിയൊച്ചകള്‍, സ്വയമർപ്പിച്ച പ്രണയവിരഹങ്ങള്‍ എന്നിങ്ങനെ നിരവധി കഥകൾ കല്ലാറിന് പറയാനുണ്ട്. എന്നാൽ കല്ലാറിനെ പരിചയമുള്ളവർ പലരും അവയെല്ലാം കഥകൾ മാത്രമാണെന്ന് സമ്മതിക്കാറില്ല അതാണ് സത്യം. പാറക്കൂട്ടങ്ങൾക്കിടയിലൂടെ അലതല്ലിവരുന്ന കല്ലാറിന്‍റെ സൌന്ദര്യം എല്ലാവരെയും ക്ഷണിക്കുന്നുണ്ട്. ഒരുപക്ഷെ പൊൻമുടിയുടെ വശ്യസൌന്ദര്യംകണ്ട് തിളച്ചുപോയ മനസിനെ തണുപ്പിക്കാനായിരിക്കും കല്ലാറിങ്ങനെ ഒഴികുന്നത്. അത്രയ്ക്ക് കുളിരേകുന്ന വെള്ളമാണ് പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്നത്. അതിനടുത്ത് തന്നെയാണ് മീൻമുട്ടി വെള്ളച്ചാട്ടവും. അതും മറ്റൊരു  കാഴ്ചയാണ്. കാടിനുള്ളിൽ നിന്നും വരുന്ന പനിനീരരുവിയില്‍ കുളിക്കാനെത്തുന്നവരുടെ പ്രവാഹമാണവിടെ. അതേസമയം വെള്ളത്തിനടിയിൽ പതിയിരിക്കുന്ന മരണത്തിന്‍റെ കൈകളും മറ്റൊരു സത്യമാണ്. പ്രകൃതിയുടെ സൌന്ദര്യത്തിനുമുന്നിൽ ഭ്രമിച്ചു പോകുന്നതുപോലെ തന്നെയാണ് അതിന്‍റെ ക്രൂരഭാവത്തിന് മുന്നിൽ നിസഹായരായി പോകുന്ന മനുഷ്യരുടെ അവസ്ഥയും. കാണാക്കയങ്ങളനവധിയുള്ള ഇവിടെ നിരവധി പേരാണ് മരിച്ചിട്ടുള്ളത്. നിശബ്ധ ഭാവത്തോടെ ഒഴുകുന്ന കല്ലാറിൽ മലവെള്ളം കുതിച്ചെത്തുന്നത് അണപൊട്ടുന്നപോലെയാണ്.

മീന്‍മുട്ടി വെള്ളച്ചാട്ടം

കല്ലാറും കടന്ന് ചെന്നെത്തുന്നത് ഇരുപത്തിയൊന്ന് ചുരങ്ങളാൽ പിന്നിമെടഞ്ഞിട്ടിരിക്കുന്ന പൊൻമുടിപ്പെണ്ണിന്‍റെ  ചുരുൾമുടിത്തുമ്പിലാണ്. അതിലൂടെ ചുറ്റിപ്പിണഞ്ഞുവേണം അവളുടെ ശിരസിലെത്താൻ.  വാഹനം ഞാൻ മെല്ലെ ഒരുവശത്തേക്ക് നിർത്തി തെല്ലൊരു നെടുവീർപ്പോടെ മുകളിലേക്ക് നോക്കി. ചുറ്റും കാടാണ്. നിശബ്ദതയുടെ പേടിപ്പെടുത്തുന്നതും ആകാംക്ഷയുണര്‍ത്തുന്നതുമായ ഒരു വ്യത്യസ്ത ഭാവമാണവിടെ തോന്നിയത്. സാധാരണ കുട്ടിക്കുരങ്ങൻമാരുടെ കൂട്ടം ഇറങ്ങാറുണ്ട് ഇവിടെ. എന്നാൽ ഇത്തവണ ഒന്നോ രണ്ടോ കുരങ്ങുകളെ മാത്രം മരക്കൂട്ടങ്ങൾക്കിടയിൽ കാണാനായി. ആനക്കൂട്ടവും ഇറങ്ങാറുണ്ടിവിടെ. കാടുകയറുന്നത് അവറ്റകൾക്കൊരു ഹരമാണ്. അങ്ങനെ ഒക്കെ ചിന്തിച്ചുനിന്നിട്ടൊടുവിൽ ഞാൻ ചുരം കയറാൻ ആരംഭിച്ചു. ആദ്യ ചുരം കടന്നു. ചുരങ്ങൾ ഒരോന്നുപിന്നിടുമ്പോഴും തണുപ്പ് കൂടിക്കൊണ്ടിരുന്നു. വന്യമായ നിശബ്ദദയും കുളിർക്കാറ്റും ഹൃദയമിടിപ്പുകളെപ്പോലും വിറകൊള്ളിക്കുന്നുണ്ടായിരുന്നു.

പൊന്മുടി കുന്നുകളുടെ വശ്യഭംഗി

കല്ലാറിലെ ഉരുളൻ കല്ലുകളുടെ കാര്യം പറഞ്ഞതുപോലെ പൊൻമുടിയിലേക്കുള്ള ഓരോ ചുരത്തിനും ഓരോ കഥകളുണ്ട് പറയാൻ. സ്വർണ്ണം തേടിപ്പോകുന്ന നാടോടിക്കഥകളെന്ന പോലെ പൊന്നുപോലെ സുന്ദരിയായിക്കിടക്കുന്ന പൊൻമുടി ചുരങ്ങളും അവയുടെ ഭാവങ്ങളും വ്യത്യസ്തമാണ്. ഒരു സാഹസിക യാത്ര തന്നെയാണ് അങ്ങോട്ട്.  കുരങ്ങു കൂട്ടങ്ങളും കാട്ടാനയും കുഞ്ഞൻ അരുവികളും മരച്ചില്ലചുറ്റിക്കിടക്കും പെരുമ്പാമ്പുകളും മരക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് പ്രത്യേകതരം ശബ്ദമുണ്ടാക്കുന്ന പക്ഷികളും മാടൻകാവും കുറുപ്പുസ്വാമി ക്ഷേത്രവും  തേയിലക്കൂട്ടവും എത്തി നോക്കാൻ തോന്നുന്ന കൊക്കയും… അങ്ങനെ അങ്ങനെ ഓരോ ചുരത്തിലും ഓരോ കാഴ്ചകൾ. പിന്നെ കാണാനാവുക അവിടുത്തെ ജനങ്ങളായ കാണി ഗോത്രവും ആദിവാസികളും അവരുടെ ഉപജീവനങ്ങളും. ശരിക്കും പൊൻമുടിയുടെ അവകാശികൾ കാണി ഗോത്രത്തിൽപ്പെട്ട ആദിവാസികളാണ്. അവരെ ചുറ്റിപ്പറ്റിയും കുറേ കഥകൾ വായിച്ചറിഞ്ഞിട്ടുണ്ട്. പൊൻമുടിയുടെ കാവൽക്കാരാണവർ. മലദൈവങ്ങൾ പൊന്നുസൂക്ഷിക്കുന്ന ഇടമായതിനാലാണത്രേ പൊൻമുടി എന്ന പേര് ഉണ്ടായതെന്നാണ് അവർക്കിടയിലെ ഐതിഹ്യം. മലദൈവങ്ങളുടെ പൊന്നിന് കാവൽ നിൽക്കാൻ വിധിക്കപ്പെട്ട കാവൽക്കാരെപ്പോലെയാണ് കാണിക്കാരും. പോകുന്ന വഴിയിൽ പൊൻമുടിയെ കുറിച്ച് മുമ്പ് വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതുമെല്ലാം അങ്ങനെ ഓർത്തെടുത്തുകൊണ്ട് ഞാൻ യാത്ര തുടർന്നു.

പൊന്മുടിയിലെ അസ്തമയം

അങ്ങനെ ഓരോന്ന് ഓർത്തും ചുരത്തിൻറെ ഭംഗി ആസ്വദിച്ചും ഇരുപത്തിയൊന്ന് മുടിയിഴകളിലൂടെയും കടന്ന്  പൊൻമുടിയുടെ ശിരസിൽ എത്തിയിരുന്നു. തണുപ്പേറ്റ് കാതുകൾ അടഞ്ഞുപോയിരുന്നു. പക്ഷേ ചുരം കയറിയെത്തിയതിന്‍റെ ആവേശത്തിൽ ഞാൻ അതൊന്നും കാര്യമാക്കിയില്ല. വാഹനം ഒതുക്കിവെച്ച് നേരെ കണ്ട ആ  പാറപ്പുറത്ത് കയറി. അവിടെ നിന്നുനോക്കിയാൽ ശരിക്കും ഭൂമിയുടെ അറ്റത്ത് എത്തിയപോലെ തോന്നും. എന്നെപ്പൊലെ ആവേശം കൊണ്ട് കയറിവന്ന് ആ പാറപ്പുറത്ത് തളർന്നിരിക്കുന്ന വേറെയും ആളുകളുണ്ടായിരുന്നു. ഞാനും   കൺമുന്നിലെ നീലമലനിരകളെനോക്കി ആ പാറപ്പുറത്ത്  അങ്ങനെ  ഇരുന്നു. ശരിക്കും ഒരു മനോഹര കാഴ്ചതന്നെ അവിടെ നിന്നും നോക്കുമ്പോൾ. മലദൈവങ്ങൾ കാത്തു സൂക്ഷിക്കുന്ന പൊന്നിന്‍റെ ആ തിളക്കം ആ കുന്നുകളിൽ കാണാനാകും. കുന്നിനടുത്ത് ചെറുശിഖരങ്ങളുള്ള ഒരു ഒറ്റമരം ഞാൻ കണ്ടു. ആവഴി കടന്നുചെന്നാൽ ഒരു തടകാമുണ്ടെന്ന് ആരോ പറയുന്ന കേട്ടു. കുറേ പേർ അങ്ങോട്ട് നടന്നുപോകുന്നത് കണ്ടു. മറ്റുചിലർ പാറപ്പുറത്തും മറ്റും കൂട്ടംകൂടുകയും ചിത്രംപകർത്തുകയും ചെയ്തു. ഓരോരുത്തരും അവരുടേതായൊരു ലോകം കണ്ടെത്തി ആസ്വദിക്കുന്നത് കണ്ടു. അങ്ങനെയൊക്കെ ഒട്ടേറെ കാഴ്ചകൾ. ആ കാഴ്ചകളൊക്കെ കണ്ടിരുന്നപ്പോഴാണ് ഉള്ളിലെ കവിചിന്തകളും പുറത്തേക്ക് വന്നത്. മനസിൽ അപ്പോൾ  എന്തെങ്കിലുമൊക്കെ എഴുതണമെന്ന് തോന്നി. അതും  പൊൻമുടിയുടെ സൌന്ദര്യത്തെ ക്കുറിച്ചുതന്നെ. എഴുതുന്നതിനുമുമ്പ് വരികൾ മനസിൽ പറഞ്ഞുനോക്കി. പിന്നെ മലനിരകളെ നോക്കി ഉച്ചത്തിലും. “പൊൻമുടിപ്പേണ്ണേ നിൻ വശ്യസൌന്ദര്യം പ്രണയത്തേക്കാൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു…” തണുത്തകാറ്റ് എവിടെനിന്നോ കടന്നുവന്നു. കാറ്റിന്‍റെ ഗതിയറിയാൻ ഞാൻ കൈകൾ മെല്ലയുയർത്തി. അപ്പോൾ ആരോ പതിയെ എന്‍റെ കയ്യിൽ വന്നു സ്പർശിക്കുന്നപോലെയാണ് തോന്നിപ്പോയത്. ശരിക്കും  പൊൻമുടിയിലെ പ്രകൃതി വശ്യതയുടെ സാമീപ്യം അതുതന്നെയാകാം. പല രൂപത്തിലും ഭാവത്തിലും അവിടെയെത്തുന്നവരോട്  അവൾ, പൊൻമുടിപ്പെണ്ണ് എന്തൊക്കെയൊ പറയാൻ ശ്രമിക്കുന്നുണ്ട്.

എന്തൊക്കെയൊവരികൾ ഞാൻ കുറിച്ചു. ഞാൻ എഴുതിയത് കണ്ട് നാണംവന്നതിനാലാവണം കോടമഞ്ഞാലെ പതിയെ പതിയെ അവളെ അവൾ തന്നെ സ്വയം മറച്ചുപിടിക്കുന്നത് ഞാൻ കണ്ടു. പിന്നെയൊന്നും കാണാനാവാത്ത അവസ്ഥയായിരുന്നു. ചുറ്റിനും മഞ്ഞുകൊണ്ട്  പുതഞ്ഞിരുന്നു. തണുപ്പ്… പിന്നെ അവളുടെ ഭാവം ഓരോന്നായി മാറിക്കൊണ്ടിരുന്നു. അതെല്ലാം ഒരു മായിക സ്വപ്നം പോലെ ഞാൻ കണ്ടുനിന്നതേയുള്ളു. വിചാരിക്കാതെ കടന്നെത്തുന്ന ഒരു കൌമാരപ്പെൺകൊടിയോട് തോന്നാവുന്ന ആദ്യാനുരാഗം പോലെ പൊൻമുടിപ്പെണ്ണിനെ നോക്കി ഞാനും നിന്നു. ശരിക്കും അവിടെനിന്നും വിട്ടുപോകാൻ തോന്നിയില്ല . എങ്കിൽപ്പോലും വിടപറയാൻ സമയമായതിനാലാവണം, തന്നെക്കാണാനെത്തിയവരുടെ യാത്രാമൊഴികളോട് മറുപടിയാമെന്ന പോലെ അവൾ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. മഴ… കണ്ണീർ വർഷത്തിൽ കുതിർന്നുനിന്നിട്ടും പൊൻമുടിയോട് വിടപറയാൻ എനിക്ക് തോന്നിയിരുന്നില്ല. മനസില്ലാമനസോടെ ആ പാറപ്പുറത്തുനിന്നും ഇറങ്ങാൻ നേരം അവളോട് ഞാൻ പറഞ്ഞു. ഇനിയും വരും ഞാൻ നിന്നെക്കാണാൻ… ചുരങ്ങളിറങ്ങുമ്പോഴും എൻറെ മനസ് അവളില്‍ തന്നെയായിരുന്നു. ആ മഴയത്ത് നനഞ്ഞു കുളിച്ച്   ചുരങ്ങളിറങ്ങിവന്നപ്പോൾ മലവെള്ളപ്പാച്ചിലിൽ കല്ലാറ് കുതിച്ചൊഴുകുന്നുണ്ടായിരുന്നു. അവസാന ചുരവും ഇറങ്ങിവന്ന് ആദ്യം വന്നുനിന്ന അതേസ്ഥലത്തെത്തി. പിന്നെയും മുകളിലേക്ക് നോക്കി ഒരുനിമിഷം. ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻ കാമുകനായ് ഒരു ജന്മം വേണമെനിക്ക്. ഞാൻ മന്ത്രിച്ചു. അവളുടെ കണ്ണീർവർഷത്തിൽ കുളിച്ച് ഞാൻ മടങ്ങി. അപ്പോഴും പൊൻമുടിയിലേക്ക് സഞ്ചാരികൾ പോകുന്നുണ്ടായിരുന്നു…

-വിഷ്ണു ആർ.കെ ആനാട്-