അനന്തപുരിയുടെ മണ്ണില്‍ ആശമാരുടെ കണ്ണീരില്‍ കുതിര്‍ന്ന പൊങ്കാല

Jaihind News Bureau
Thursday, March 13, 2025

തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. അനന്തപുരിയുടെ മണ്ണില്‍ നാനാദിക്കുകളില്‍ നിന്നുള്ള അമ്മമാരും ചേച്ചിമാരും ദേവിക്കുള്ള സമര്‍പ്പണമായി പൊങ്കാല അര്‍പ്പിക്കാന്‍ എത്തിക്കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ സംഗമമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നാടും നഗരവും ഒരുങ്ങിയപ്പോള്‍ ഒരു കൂട്ടം അമ്മമാര്‍ സെക്രട്ടറിയേറ്റിനു മുന്നിലാണ് പൊങ്കാല സമര്‍പ്പണം നടത്തുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി അവരുടെ വീടും കുടിയും എല്ലാം സെക്രട്ടറിയേറ്റാണ്.വെയിലും മഴയും തരണം ചെയ്ത് ദിനം പ്രതി ആളി കത്തുന്ന അവരുടെ പ്രതിഷേധങ്ങള്‍ക്ക് മാറ്റ് കൂട്ടുകയാണ് ഈ പൊങ്കാല ദിനവും.

കഴിഞ്ഞ 32 ദിനങ്ങളായി ആശമാര്‍ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുകയാണ്. നിസ്സാരമായ അവരുടെ ആവശ്യങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത സര്‍ക്കാരും ആരോഗ്യ മന്ത്രിയും കണ്ണ് തുറക്കാന്‍ വേണ്ടി പ്രാര്‍ത്ഥനയോടെയാണ് അമ്മമാര്‍ നിവേദ്യം കാഴ്ച വയ്ക്കുന്നത്. അതിനാല്‍ പൊങ്കാല സമര്‍പ്പണത്തിന്റെ സന്തോഷത്തോടൊപ്പം കണ്ണീരിന്റെ ്അംശവും കൂടി ഇത്തവണത്തെ മഹോല്‍സവത്തില്‍ കലരുന്നുണ്ട് എന്ന് പറയാം. അവരില്‍ പലരും കഴിഞ്ഞ വര്‍ഷങ്ങളില്‍ അമ്മയെ അടുത്ത് കണ്ടുകൊണ്ട് പൊങ്കാല കഴിപ്പിച്ചവരാണ്. ഇന്ന് അതിനു കഴിയുന്നില്ലെങ്കിലും കഴിയുന്ന സാഹചര്യത്തില്‍ മഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഈ അമ്മമാര്‍. ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ ആവശ്യങ്ങള്‍ നടത്തി തരുമെന്നും വീട്ടില്‍ തിരികെ പോകാമെന്നുമുള്ള ശുഭ പ്രതീക്ഷയിലാണ് ഇവര്‍.