പോളിടെക്നിക്ക് തെരഞ്ഞെടുപ്പ്;മുന്നേറ്റം തുടര്‍ന്ന് കെ.എസ്.യു; 34 വര്‍ഷത്തിനുശേഷം മട്ടന്നൂര്‍ പോളിയും 8 വര്‍ഷത്തിന് ശേഷം കളമശ്ശേരി ഗവ: പോളിയും തിരിച്ചു പിടിച്ചു

Jaihind News Bureau
Friday, October 17, 2025

സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും കരുത്തുകാട്ടി കെ.എസ്.യു .34 വര്‍ഷത്തിനുശേഷം എസ്.എഫ്.ഐയില്‍ നിന്ന് മട്ടന്നൂര്‍ പോളിയും, തിരുവനന്തപുരം നെടുമങ്ങാട് പോളിയില്‍ എല്ലാ സീറ്റുകളിലും വിജയിച്ചും കെ.എസ്.യു ചരിത്രം സൃഷ്ടിച്ചു. 8 വര്‍ഷങ്ങള്‍ക്ക് ശേഷം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക്, കോതമംഗലം ചേലാട് പോളിടെക്‌നിക്ക്,എ.കെ.എന്‍.എം ചോളാരി പോളിടെക്‌നിക്ക് എന്നിവിടങ്ങളില്‍ കെ.എസ്.യുവും, മേപ്പാടി പോളി, മഞ്ചേരി ഗവണ്‍മെന്റ് പോളി, എന്നിവിടങ്ങളില്‍ കെ.എസ്.യു മുന്നണിയും യൂണിയന്‍ പിടിച്ചെടുത്ത് കെ.എസ്.യു കരുത്തുകാട്ടി.

പത്തനംതിട്ട വെണ്ണിക്കുളം പോളിടെക്‌നിക്കില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, പി.യു.സി, രണ്ട് പതിറ്റാണ്ടിനു ശേഷം നെടുംകണ്ടം പോളിയില്‍ ചെയര്‍മാന്‍, പി.യു.സി, പാലക്കാട് പോളിയില്‍ ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ പെരുന്തല്‍മണ്ണ പോളിയില്‍ പിയുസി, മാഗസിന്‍ എഡിറ്റര്‍ സീറ്റുകളും കെ.എസ്.യു നേടിയെടുത്തു.

സംസ്ഥാനത്തെ പൊതു വിദ്യാഭാസ മേഖലയെയും, ഉന്നത വിദ്യാഭ്യാസ  മേഖലയെയും തച്ച് തകര്‍ത്ത ഇടതു സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വികാരമാണ് പോളിടെക്‌നിക്ക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു