പോളിങ് മാറ്റിവയ്ക്കില്ല, സമയം നീട്ടിനല്‍കാം; വോട്ടര്‍മാര്‍ സഹകരിക്കണമെന്ന് ടിക്കാറാം മീണ

Jaihind News Bureau
Monday, October 21, 2019

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കൊച്ചിയിലെ ചില ബൂത്തുകളില്‍ മാത്രമാണ് മഴ പോളിങ്ങിനു തടസമായതെന്നും അവിടെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയെന്നും മീണ അറിയിച്ചു. വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് ടിക്കാറാം മീണ അഭ്യര്‍ഥിച്ചു.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ എറണാകുളത്തു മാത്രമാണ് മഴ വലിയ പ്രശ്‌നം സൃഷ്ടിച്ചത്. എറണാകുളം മണ്ഡലത്തില്‍ തന്നെ കൊച്ചി നഗരത്തിലെ പത്തു ബൂത്തുകളിലാണ് വെള്ളം കയറിയത്. ഇവിടെ ബൂത്തുകള്‍ ഒന്നാംനിലയിലേക്കു മാറ്റി സ്ഥാപിച്ചു. വോട്ടെടുപ്പിന് എത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രയാസങ്ങളുണ്ടെന്നും വോട്ടര്‍മാര്‍ സഹകരിക്കണം എന്നുമായിരുന്നു മീണയുടെ മറുപടി.

പോളിങ് ഒട്ടും നടത്താനാവാത്ത സഹചര്യത്തില്‍ മാത്രമാണ് വോട്ടെടുപ്പു മാറ്റിവയ്ക്കുക. അത്തരം ഒരു സാഹചര്യം എവിടെയുമില്ല. വോട്ടു രേഖപ്പെടുത്താന്‍ കൂടതല്‍ സയമം അനുവദിക്കുന്ന കാര്യം അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കും. കലക്ടറുമായും നിരീക്ഷകരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര തെരഞ്ഞടുപ്പു കമ്മിഷനുമായി കൂടിയാലോചിച്ചാണ് വോട്ടിങ്ങിന് അധിക സമയം നല്‍കുന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് ടിക്കാറാം മീണ പറഞ്ഞു.

മഴ തടസമായ സാഹചര്യത്തില്‍ പോളിങ് മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നതു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മീണയുടെ വിശദീകരണം. പോളിങ് നാലു മണിക്കൂര്‍ പിന്നിട്ടിട്ടും പത്തു ശതമാനത്തില്‍ താഴെയാണ് എറണാകുളത്തെ വോട്ടിങ് നില. മഞ്ചേശ്വരം ഒഴികെ നാലു മണ്ഡലങ്ങളിലും പോളിങ് മന്ദഗതിയിലാണ്.