ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ച് നാല് ദിവസത്തിന് ശേഷവും രാഷ്ട്രീയ സ്ഥിതി അനിശ്ചിതത്വത്തില്‍ തുടരുകയാണ്. പുതിയ നേതാവിനെ തീരുമാനിക്കാന്‍ ബിജെപിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജെപിയുടെ വടക്കുകിഴക്കന്‍ ചുമതലയുള്ള നേതാവ് സംബിത് പത്രയും പാര്‍ട്ടി നിയമസഭാംഗങ്ങളും തമ്മില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനമായില്ല. അതേസമയം അന്തിമ തീരുമാനം കേന്ദ്രത്തിന്റേതായിരിക്കുമെന്ന് ചില നിയമസഭാംഗങ്ങള്‍ സൂചിപ്പിച്ചു. ഈ ആശയക്കുഴപ്പം തുടരുന്നതിനാല്‍ സംസ്ഥാനത്ത് സ്തംഭനാവസ്ഥ തുടരുന്നു.
അതേസമയം, സാംബിത് പത്രയുടെ സംസ്ഥാന സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ തോക്‌ചോം ലോകേശ്വര്‍, നേതൃത്വ പ്രതിസന്ധി പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ബിജെപി എംഎല്‍എമാരുമായി ചര്‍ച്ച ചെയ്ത് പുതിയ മുഖ്യമന്ത്രിയെ നിയമിക്കാന്‍ സാംബിത് പത്ര നേതൃത്വം നല്‍കണമായിരുന്നുവെന്നും കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു. ‘നിയമസഭാ സമ്മേളനം ഉണ്ടാകാതിരിക്കാനും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ മാറ്റിവയ്ക്കാനും വേണ്ടിയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇതുവരെ അദ്ദേഹം ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല,’ മുന്‍ സ്പീക്കര്‍ കൂടിയായ തോക് ചോം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മണിപ്പൂരിലെ രാഷ്ട്രീയ സ്ഥിതി കൂടുതല്‍ രൂക്ഷമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശവാദം ഉന്നയിക്കാത്തതിനാല്‍, മണിപ്പൂര്‍ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. ഫെബ്രുവരി 10 ന് ആരംഭിക്കാനിരുന്ന പന്ത്രണ്ടാം മണിപ്പൂര്‍ നിയമസഭയുടെ ഏഴാം സമ്മേളനം അസാധുവായി ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ നിയമസഭയുടെ സമ്മേളനം 2024 ഓഗസ്റ്റ് 12 നാണ് അവസാനിച്ചത്. രണ്ട് സമ്മേളനങ്ങള്‍ക്കിടയിലുള്ള ഇടവേള പരമാവധി ആറ് മാസമാണെന്ന നിയമം നിലനില്‍ക്കെ മണിപ്പൂരില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാണ് .