നവോത്ഥാനത്തെ വളച്ചൊടിക്കുന്ന ഇടത് ചതുരംഗക്കളം… വേണ്ടത് മതിലോ മനുഷ്യത്വമോ?

“അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായ് വരേണം” – ശ്രീനാരായണ ഗുരു

കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യം പിൻപറ്റി വനിതാമതിലിനൊരുങ്ങുന്ന സർക്കാർ ഒരേസമയം പ്രസരിപ്പിക്കുന്നത് ജാതി ചിന്തയുടെയും അസഹിഷ്ണുതയുടെയും ഉപരിപ്ലവമായ സാമൂഹിക വിപ്ലവ ചിന്തയുടെയും രാഷ്ട്രീയമാണ്. കേരളത്തെ പിന്നോട്ടു നടത്താൻ സവർണ വിഭാഗങ്ങൾ ശ്രമിക്കുന്നുവെന്ന് പ്രത്യക്ഷമായും പരോക്ഷമായുമുള്ള പ്രചാരണമാണ് ഇടത് സംഘടനകൾക്കൊപ്പം ചില സാമുദായിക സംഘടനകളും സർക്കാരും നടത്തുന്നത്. 2018 സെപ്റ്റംബർ 28ന് ശബരിമല യുവതീപ്രവേശന വിഷയത്തിൽ പുറത്തുവന്ന സുപ്രീം കോടതി വിധിയാണ് സംസ്ഥാനത്തെ മതസാമുദായിക സംഘടനകളെയും വിശ്വാസപ്രമാണത്തിലൂന്നിയ സാധാരണ ജനങ്ങളെയും രാഷ്ട്രീയ കേരളത്തെയും കലാപ കലുഷിതമാക്കിയത്.

ഭരണഘടനാ തത്വങ്ങളിലൂന്നിയ വിധി ശബരിമലയിലെ യുവതീപ്രവേശനത്തെ സാധൂകരിക്കുന്നതുമായിരുന്നു. വിധിക്കെതിരെ പൊതുസമൂഹത്തിൽ നിന്നും എതിർപ്പുയർന്നുവന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. ഇത്തരം എതിർപ്പുകൾ ഉയർന്നത് ജാതിയടിസ്ഥാനത്തിലല്ല എന്നത് കൂടി പറയുമ്പോഴാണ് ഇതിന്‍റെ ആഴം മനസിലാകുക. സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എല്ലാക്കാലത്തും എതിർത്തിട്ടുള്ള കേരളത്തിലെ വിശ്വാസികൾ അടങ്ങുന്ന പൊതുസമൂഹമാണ് ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയില്ലാതെ വിധിക്കെതിരെ തെരുവിലിറങ്ങിയത്. ഇതിനിടെ വേണ്ടത്ര ആലോചനയില്ലാതെ വിധി നടപ്പാക്കാൻ അനാവശ്യ ധൃതി കാട്ടിയ ഇടതുസർക്കാരിനെതിരെ ഉയർന്ന ജനരോഷം സ്വാഭാവികം മാത്രമാണെന്ന് കരുതാതെ തരമില്ല.

ഒരു സംസ്ഥാനത്തെ മുക്കാൽ പങ്ക് ജനങ്ങളെയും അവരുടെ ഇന്നുവരെയുള്ള അധ്വാനത്തെയും കവർന്നെടുത്ത മഹാപ്രളയം ഒന്നിപ്പിച്ച കേരളത്തെ ഭിന്നിപ്പിച്ച് നിർത്തുകയെന്ന രാഷ്ട്രീയതന്ത്രമാണ് നവ ഇടതുപക്ഷവും വലത് വർഗീയകക്ഷിയായ ബി.ജെ.പിയും വിഷയത്തെ ആധാരമാക്കി സ്വീകരിച്ച നിലപാട്. പ്രളയത്തിൽ മുച്ചൂടും മുടിഞ്ഞ നാടിനെ പുനർനിർമിക്കാൻ കൈകോർക്കേണ്ട കേരളജനത തെരുവിൽ പോരടിക്കുന്ന കാഴ്ചയാണ് തുടർന്നങ്ങോട്ട് കേരളം കണ്ടത്. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒഴുകിക്കയറിയ പ്രളയജലം കൊണ്ടുപോയത് അവരുടെ ഇന്നുവരെയുള്ള അത്യധ്വാനമായിരുന്നു. സാങ്കേതികവിദ്യയും സാമൂഹ്യബോധവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ധൈര്യവും കൈമുതലായ കേരളം സകല അതിർവരമ്പുകളും ഭേദിച്ച് യുവത്വത്തിന്‍റെ കൈപിടിച്ച് ഒരുമിച്ചപ്പോൾ കണ്ടത് പക്വതയും ചടുലതയുമുള്ള കൈരളിയെയാണ്. ജാതി-മത-വർണ-വർഗ- രാഷ്ട്രീയ പരിഗണനകൾക്കപ്പുറം ആദ്യ ആഘാതത്തിൽ നിന്നും രക്ഷനേടാനുള്ള കൂട്ടായ പരിശ്രമം വിജയിക്കുക തന്നെ ചെയ്തു. ഈ ഒരുമിക്കലിലാണ് ഇടതു സർക്കാരും സംഘപരിവാർ വർഗീയതയും ചേർന്ന് ശബരിമലയെന്ന സർവമത തീർഥാടന കേന്ദ്രത്തെ മുൻനിർത്തി നഞ്ച് കലക്കിയത്.

 

യുവതീപ്രവേശന വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേദിയാക്കാനാണ് നിലവിൽ നാഴികയ്ക്ക് നാൽപതുവട്ടം നവോത്ഥാനം പ്രസംഗിക്കുന്ന ഇടതുസർക്കാർ ശ്രമിച്ചത്. ഇതിന്‍റെ ചുവടുപിടിച്ച ബി.ജെ.പിയും സംഘപരിവാറും ശബരിമല വിഷയത്തെ സുവർണാവസരമായിക്കണ്ട് രംഗത്തിറങ്ങുകയായിരുന്നു. ശാന്തിയും സമാധാനവും എക്കാലത്തും കളിയാടിയിരുന്ന ശബരിമല പൂങ്കാവനത്തിൽ പിന്നീട് കണ്ടത് സംഘപരിവാറിന്‍റെ അക്രമവും അഴിഞ്ഞാട്ടവും. ആചാരസംരക്ഷകർ എന്ന് സ്വയം വിശേഷിപ്പിച്ച സംഘപരിവാർ നേതാക്കൾ തന്നെ ശബരിമല സന്നിധാനത്തെ ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുന്നതും എല്ലാവരും കണ്ടു. മാധ്യമപ്രവർത്തകർക്കടക്കം മർദനമേറ്റു. യഥാർഥത്തിൽ സകലം രാഷ്ട്രീയമയം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആക്ടിവിസം കാണിക്കേണ്ട ഇടമാണോ ശബരിമലയെന്നത് കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. അതിന് അക്രമമല്ല പരിഹാരം. ഭരണഘടന അനുശാസിക്കുന്ന നയങ്ങൾ പാലിക്കപ്പെടേണ്ടതു തന്നെയെന്നതിൽ സംശയമില്ല. അത് ഒരു മതത്തിന്‍റെയും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ ഹനിച്ചു കൊണ്ട് വേണമോ എന്ന പ്രശ്‌നത്തിനാണ് യഥാർഥത്തിൽ പരിഹാരം കാണേണ്ടത്. അതിന് വനിതാമതിലെന്ന ഒറ്റമൂലി പ്രയോഗമല്ല ആവശ്യം. ഭരണഘടനാനുസൃതമായി ആചാരങ്ങൾ പാലിക്കാൻ ഒരു ജ്യോതിയും തെളിക്കുകയും വേണ്ട. ഇത്തരം പരിപാടികൾ സാമൂഹ്യമായുള്ള ഒന്നിക്കലിനു പകരം ഭിന്നിപ്പാവും ക്ഷണിച്ചുവരുത്തുകയെന്നതിൽ തർക്കമില്ല.

വെറുക്കപ്പെടേണ്ട വർഗീയ രാഷ്ട്രീയത്തെ വെള്ളിത്താലത്തിൽ കേരള സമൂഹത്തിലേക്ക് വെച്ചു നീട്ടിക്കൊടുത്ത പാതകത്തിന് ഇടതു നേതാക്കൾക്ക് മറുപടി കാണില്ല. സമൂഹം തള്ളിക്കളഞ്ഞവരെ ശബരിമലയിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവന്നത് സർക്കാരിന്‍റെപിടിപ്പുകേട് ഒന്നു മാത്രമാണ്. വൈക്കം സത്യാഗ്രഹത്തിൽ ജാതി-മത-വർഗ വ്യത്യാസമില്ലാതെ അനാചാരങ്ങൾക്കും സാമൂഹ്യ തിന്മകൾക്കും എതിരെ പോരാടിയ നവോത്ഥാന പാരമ്പര്യത്തെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയും ഇടത് നേതാക്കളും സർക്കാരും കാട്ടിക്കൂട്ടുന്ന ഭോഷ്‌ക്കുകൾ തുടരുകയാണ്. കേരളം പിന്നോട്ടു നടക്കുന്നുവെന്ന് ഇടയ്ക്കിടെ പറയുന്ന സാംസ്‌ക്കാരിക ഇടതു ബുദ്ധിജീവികൾ പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണം മുട്ടിലിഴയുന്നത് കാണാതെ പോകുന്നതാണ് ഏറ്റവും ശ്രദ്ധേയം.

പ്രളയാനന്തര കേരളത്തിന് ആവശ്യം പുതിയ ഊർജവും നയപരിപാടികളുമാണ്. സ്ത്രീ ശാക്തീകരണവും നവോത്ഥാനവും എല്ലാ നാട്ടിലുമെന്നതു പോലെ കേരളവും നേടിയെടുത്തത് കാലഘട്ടങ്ങളിലൂടെയാണ്. അതിൽ ഒട്ടുമിക്ക സാമുദായിക സംഘടനകൾക്കും പങ്കുണ്ട്. അവരിൽ ചിലരെ അടർത്തിയെടുത്ത് സവർണ- അവർണ വിഭാഗീയത സൃഷ്ടിക്കുന്നത് എന്ത് ഇടതു രാഷ്ട്രീയവും മുന്നോട്ടുപോക്കുമാണെന്ന ചോദ്യമാണ് ഉയരുന്നത്. പുരോഗമന ചിന്തകൾ പേറുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്‍റെ ജീർണതയാണ് ഇത്തരം കാര്യപരിപാടികൾ വെളിച്ചത്തുകൊണ്ടുവരുന്നത്. ശബരിമല യുവതീപ്രവേശനമല്ല സ്ത്രീശാക്തീകരണമാണ് വിഷയം എന്നവകാശപ്പെടുന്ന സർക്കാർ, വനിതകൾക്ക് മതിലല്ല പണിയേണ്ടത്. അവർക്ക് സംസ്ഥാനത്തിന്‍റെ വിഭവങ്ങൾ കൃത്യമായി പകർന്നു നൽകേണ്ട പരിപാടികളാണ് ആലോചിച്ച് നടപ്പാക്കേണ്ടത്. അവരെ സമൂഹത്തിന്‍റെ പൊതുധാരയിലേക്ക് നയിക്കാനുള്ള മാർഗദർശനം നൽകുകയാണ് വേണ്ടത്. അല്ലാതെ പ്രളയാനന്തര പുനർനിർമാണത്തിന് പണമില്ലാതെ വലയുന്ന അവസരത്തിൽ സർക്കാർ ഖജനാവിലെ പണമെടുത്ത് മതിലു കെട്ടി ആഘോഷിക്കുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. പ്രളയത്തിൽ എല്ലാം തകർന്ന സാധാരണക്കാർ പെരുവഴിയിയിൽ ആലംബമില്ലാതെ അലയുമ്പോൾ അവരെ സഹായിക്കാൻ കുറച്ച് മനുഷ്യത്വമാണ് ഭരണത്തിനോടൊപ്പം ചേർത്തുവെയക്കേണ്ടത്. അല്ലെങ്കിൽ നവോത്ഥാനത്തിന്‍റെ പുളിച്ചുതികട്ടൽ മാത്രമായി ഈ മതിലും അവശേഷിക്കും. കാലവും ചരിത്രവും ഒരു ഭരണാധികാരിക്കും മാപ്പ് നൽകില്ല. ചരിത്രം രചിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ തന്നെ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് എടുത്തെറിയപ്പെടുമെന്ന സത്യവും മനസിലാക്കുക തന്നെ വേണം.

vanitha mathilpinarayi vijayanwomen wall
Comments (0)
Add Comment