ധാക്ക: ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസ് തന്റെ പദവി രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, യൂനുസിനെ പിന്തുണച്ചും എതിര്‍ത്തും ധാക്കയില്‍ പ്രതിഷേധ റാലികള്‍. ഈ വര്‍ഷം ഡിസംബറിനകം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് സൈനിക മേധാവി ജനറല്‍ വാക്കര്‍-ഉസ്-സമാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യൂനുസ് രാജിഭീഷണി മുഴക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്.
വെള്ളിയാഴ്ചത്തെ ജുമു അ നമസ്‌കാരത്തിന് ശേഷം ധാക്കയിലെ ഷാബാഗിലാണ് ‘മാര്‍ച്ച് ഫോര്‍ യൂനുസ്’ എന്ന പേരില്‍ സൈന്യത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് റാലി പ്രഖ്യാപിച്ചിരിക്കുന്നത്. റാലിയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ തലസ്ഥാന നഗരിയില്‍ പതിച്ചിട്ടുണ്ട്. ‘യൂനുസിനെ അഞ്ച് വര്‍ഷം അധികാരത്തില്‍ നിലനിര്‍ത്തുക’, ‘ആദ്യം പരിഷ്‌കാരങ്ങള്‍, പിന്നീട് തിരഞ്ഞെടുപ്പ്’ എന്നിവയാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യങ്ങള്‍.
ബംഗ്ലാദേശില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പരിഷ്‌കരണങ്ങളെക്കുറിച്ച് സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ സ്ഥാനമൊഴിയുമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് ഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം ഇതോടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം ദേശീയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്ന, പുതുതായി രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ (എന്‍സിപി) തലവനായ നാഹിദ് ഇസ്ലാം ആണ് യൂനുസിന്റെ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ പ്രവര്‍ത്തിക്കാന്‍ യൂനുസ് ബുദ്ധിമുട്ടുന്നതായി നാഹിദ് ഇസ്ലാം പറഞ്ഞു.
ഈ വര്‍ഷം ഡിസംബറോടെ ദേശീയ തിരഞ്ഞെടുപ്പ് നടത്തണമെന്നും, രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മാത്രമാണ് അവകാശമെന്നും ജനറല്‍ വാക്കര്‍-ഉസ്-സമാന്‍ ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. തിരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും അത് ബംഗ്ലാദേശിന്റെ താല്‍ക്കാലിക പ്രധാനമന്ത്രിയായ യൂനുസിന്റെ ഭരണത്തിന് അന്ത്യം കുറിക്കും. സൈന്യത്തിന്റെയും പ്രക്ഷോഭകരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന രാജിവെച്ചൊഴിഞ്ഞ സാഹചര്യത്തിലാണ് യൂനുസ് ഇടക്കാല പ്രധാനമന്ത്രിയായി നിയമിതനായത്. ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.
നേരത്തെ, മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനും പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനും സംഘടിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് ബംഗ്ലാദേശിന്റെ ജനാധിപത്യ ഭാവിക്ക് ഭീഷണിയായണെന്നും ബിഎന്‍പി നേതാവ് മിര്‍സ ഫക്രുല്‍ ഇസ്ലാം ആരോപിച്ചിരുന്നു. എന്നാല്‍, തന്റെ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് അടുത്തവര്‍ഷം 2026 ജൂണിനകം ഇടയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് യൂനുസ് ആവര്‍ത്തിക്കുന്നത്.