‘അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, നേരിട്ടത് മനുഷ്യാവകാശ ലംഘനം’; നിരപരാധിത്വം തെളിയിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

 

മലപ്പുറം: പോലീസ് ഗുരുതരമായ മനുഷ്യാവകാശലംഘനം കാണിച്ചെന്ന് വ്യാജ സ്വർണ്ണം പണയപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മലപ്പുറം മുൻ ജില്ലാ സെക്രട്ടറി സുധീഷ് പൂക്കാട്ടിരി. നേരത്തെ അറസ്റ്റിലായ രണ്ടുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് ഹൊസ്ദുർഗ് പോലീസാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്. പോലീസ് നടപടി കാരണം തനിക്കും കുടുംബത്തിനും വലിയ മാനഹാനിയാണുണ്ടായതെന്ന് പറഞ്ഞ സുധീഷ് വാർത്താ സമ്മേളനത്തിൽ വിതുമ്പി.

വീട്ടിൽ കയറി ഭീകരവാദിയെ കസ്റ്റഡിയിലെടുക്കുന്ന പ്രതീതി സൃഷ്ടിച്ചാണ് തന്നെ കൊണ്ടുപോയതെന്നും അറസ്റ്റ് ചെയ്യുമ്പോഴോ കസ്റ്റഡിയിലെടുക്കുമ്പോഴോ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ ഉണ്ടായില്ലെന്നും സുധീഷ് പൂക്കാട്ടിരി പറഞ്ഞു. സുപ്രീം കോടതിയുടെ റൂളിംഗിൽ പറയുന്നപ്രകാരം നോട്ടീസ് പോലും നൽകാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റ് ഗുരുതര മനുഷ്യാവകാശ ലംഘനമായിരുന്നുവെന്നും സുധീഷ് ചൂണ്ടിക്കാട്ടി. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഇല്ല എന്ന് ഉറപ്പു വരുത്തിയാണ് ഓപ്പൺ കോടതിക്ക് പകരം മജിസ്ട്രേറ്റിന്‍റെ ചേംബറിൽ ഹാജരാക്കിയതെന്നും സുധീഷ് മലപ്പുറത്ത് പറഞ്ഞു.

പോലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും സുധീഷിന്‍റെ പേരുപോലും ഉണ്ടായിരുന്നില്ല. വ്യാജ സ്വർണ്ണം പണയം വെച്ച കേസിൽ അറസ്റ്റിലായവരെ ഇതുവരെ കണ്ടിട്ടില്ലെന്നും അവരുമായി ഒരു ഇടപാടും ഉണ്ടായിട്ടില്ലെന്നും സുധീഷ് പറയുന്നു. തന്‍റെ സംഘടനയെ പൊതുജനമധ്യത്തിൽ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ-ഭരണകൂട ഗൂഢാലോചന നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സുധീഷ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്യിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണോ വൈകി ഹാജരാക്കിയതെന്നും പ്രതിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്നും ചോദിച്ച കോടതി സുധീഷിന് ഇടക്കാല ജാമ്യം അനുവദിച്ചു. അപ്പോഴേക്കും ഫോട്ടോ സഹിതം മാധ്യമങ്ങളിൽ വാർത്ത വന്നതോടെ തനിക്കും കുടുംബത്തിനും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് പറഞ്ഞ സുധീഷ് വാർത്താ സമ്മേളനത്തിൽ വിതുമ്പി.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്യപ്പെട്ട തന്നെ നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റെന്നും സുധീഷ് പുക്കാട്ടിരി പറഞ്ഞു. തനിക്കുണ്ടായ മാനഹാനി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സംഘടനയെ നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്നും സുധീഷ് പറഞ്ഞു.

Comments (0)
Add Comment