പോരാട്ടപാതയില്‍ കരുത്തോടെ മുന്നേറാന്‍ കോണ്‍ഗ്രസ്, പുതു ഊർജം പകർന്ന് ചിന്തന്‍ ശിബിരം; കോഴിക്കോട് പ്രഖ്യാപനത്തിന്‍റെ പൂർണ്ണരൂപം

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴികാട്ടിയായി ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനം. ആഴത്തിലുള്ള ഗഹനമായ ചര്‍ച്ചകളിലൂടെ ക്രോഡീകരിച്ച നയരേഖ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പ്രഖ്യാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ചിന്തന്‍ ശിബിരം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അടിമുടി കരുത്തേകുമെന്ന് കോഴിക്കോട് പ്രഖ്യാപനത്തില്‍ കെ സുധാകരന്‍ എംപി അറിയിച്ചു.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി നടത്തിയ ആമുഖ പ്രസംഗം:

പൂർണ്ണമായ ആത്മസംതൃപ്തിയോടെയാണ് രണ്ട് ദിവസത്തെ ചിന്തൻ ശിബിരത്തിന് സമാപനം കുറിക്കുന്ന രേഖ സമർപ്പിക്കുന്നത്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും മുന്നണി സംവിധാനത്തെക്കുറിച്ചും പാർശ്വവത്ക്കരിക്കപ്പെടുന്ന സാധാരണക്കാരയവരെക്കുറിച്ചും യുവജനങ്ങൾ തൊഴിലില്ലായ്മ തുടങ്ങി സമസ്ത മേഖലകളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. ഇത്രയും ഗാഢമായ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ഈ രേഖ എന്നിലുണ്ടാക്കിയ ആത്മവിശ്വാസം ഇത് കേൾക്കുമ്പോൾ നിങ്ങളിലും ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പാണ്. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയത്തിൽ കോൺഗ്രസ് നേതാക്കളുടെ അറിവിന്‍റെ ആഴം വ്യക്തമാക്കുന്ന ചർച്ചകളാണ് നടന്നത്. അതിൽ അഭിമാനമുണ്ട്. കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വരുന്ന കാലത്തേക്കുള്ള പ്രവർത്തനത്തിന്‍റെ ഒരു വഴികാട്ടിയാണ് ഈ രേഖ. അഞ്ച് കമ്മിറ്റികളിലായി സമസ്ത മേഖലകളിലെയും കാര്യങ്ങള്‍ ആശത്തില്‍ ചർച്ച ചെയ്തു. കേരളത്തിലെ രാഷ്ട്രീയരംഗത്തുള്ള എല്ലാ പാർട്ടികളെയും  ഭരണകൂടത്തിന്‍റെ പ്രവർത്തനങ്ങളെയും അവലോകനം ചെയ്തും പ്രധാനമന്ത്രിയുടേയും കേരളത്തിലെ മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങൾ തലനാരിഴ കീറി പരിശോധിച്ചും ഞങ്ങൾ കണ്ടെത്തിയ കാഴ്ചപ്പാടുകളാണ് നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്ന ഈ രേഖ.

കെപിസിസി ചിന്തന്‍ ശിബിരം പുറത്തിറക്കുന്ന 2022 ജൂലൈ 24 ലെ ‘കോഴിക്കോട് പ്രഖ്യാപനം’

2022 ജൂലൈ 23, 24 തീയതികളില്‍ കോഴിക്കോട് കെ.കരുണാകരന്‍ നഗറില്‍ വച്ച് ചേര്‍ന്ന കെപിസിസിയുടെ ‘നവസങ്കല്‍പ് ചിന്തന്‍ ശിബിരം’ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ആശയപരമായ ദിശാബോധവും മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനോര്‍ജ്ജവും പകരുന്നതില്‍ പ്രയോജനകരമായി എന്നതില്‍ കെ.പി.സി.സിക്ക് അഭിമാനമുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുത്ത് വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ച എല്ലാ സഹപ്രവര്‍ത്തകരേയും കെപിസിസി അഭിവാദ്യം ചെയ്യുന്നു.

ഇക്കഴിഞ്ഞ മേയ് മാസം 13, 14, 15 തീയതികളില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം രാജസ്ഥാനിലെ ഉദയ്പ്പൂരില്‍ ദേശീയ തല നവസങ്കല്‍പ് ചിന്താശിബിരം നടന്നിരുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ മഹത്തായ പാരമ്പര്യത്തിലും ആശയങ്ങളിലും അടിയുറച്ചു നിന്നുകൊണ്ട് ഇന്ന് പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രത്യയശാസ്ത്രപരവും, സംഘടനാപരവും, തെരഞ്ഞെടുപ്പ് സംബന്ധവുമായ വെല്ലുവിളികളെ നേരിടാന്‍ പ്രസ്ഥാനത്തെ കാലാനുസൃതമായി നവീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതായിരുന്നു ദേശീയ ചിന്തന്‍ ശിബിരത്തിന്‍റെ പ്രധാന ലക്ഷ്യം. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കടന്നുവന്ന അനുഭവസമ്പന്നരും പുതുതലമുറയില്‍പ്പെട്ടവരുമായ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂട്ടായ ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവന്ന ആശയങ്ങള്‍ പ്രസ്ഥാനത്തിനും രാജ്യത്തിനും കരുത്ത് പകരുന്ന തീരുമാനങ്ങളായി മാറുകയായിരുന്നു. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ ഏറ്റെടുത്ത തീരുമാനങ്ങളുടെ തുടര്‍ച്ചയായാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കോഴിക്കോട് ചിന്തന്‍ ശിബിരം സംഘടിപ്പിച്ചിട്ടുള്ളത്.

രാഷ്ട്രീയം

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനമെന്ന നിലയില്‍ ഈ വിശാലമായ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്കിടയിലെ എല്ലാത്തരം വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും പൂര്‍ണ്ണമായ ഉള്‍ക്കൊള്ളല്‍ ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു ബഹുസ്വര ദേശീയതാ സങ്കല്‍പ്പം ഭാരതത്തിനായി രൂപപ്പെടുത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സാധിച്ചു. സ്വതന്ത്രവും നിര്‍ഭയവും നീതിബോധത്തിലധിഷ്ഠിതവുമായ ഒരു ആധുനിക ജനാധിപത്യ, മതേതര രാഷ്ട്രത്തിന്‍റെ പിറവിയിലേക്ക് വഴിതെളിക്കപ്പെട്ടതും ഇതിന്‍റെ തുടര്‍ച്ചയായാണ്. സ്വാതന്ത്ര്യ സമര കാലത്തെ വിവിധ കോണ്‍ഗ്രസ് സമ്മേളനങ്ങളിലുയര്‍ന്ന പുരോഗമന ചിന്തകളുടെ അടിത്തറയിലാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ അടിസ്ഥാന ആശയങ്ങള്‍ രൂപപ്പെട്ടത്. ആ ആശയങ്ങളെ അലംഘനീയവും ചിരപ്രതിഷ്ഠവുമാക്കുന്ന നിലയില്‍ ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കപ്പെട്ടതിലും കോണ്‍ഗ്രസിന്‍റെ സംഭാവനകള്‍ നിസ്തുലമാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ധാര്‍മ്മിക ചിന്തകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ആധുനിക ഇന്ത്യയേക്കുറിച്ചുള്ള ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പുരോഗമന കാഴ്ചപ്പാടുകളുടെ രാഷ്ട്രീയ ശക്തിയുടെ പിന്‍ബലത്തില്‍, സാമൂഹ്യനീതിയിലും അവകാശബോധത്തിലുമധിഷ്ഠിതമായ ഒരു ഭരണഘടനയ്ക്ക് രൂപം നല്‍കാന്‍ ഡോ. ബി.ആര്‍ അംബേദ്കറിന്‍റെ ദീര്‍ഘവീക്ഷണത്തിന് കഴിഞ്ഞുവെന്നതില്‍ ഓരോ യഥാര്‍ത്ഥ ഭാരതീയനും ഇന്നും അഭിമാനിക്കുന്നു. എന്നാല്‍ ഇന്ന് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ നമ്മുടെ രാഷ്ട്ര സങ്കല്‍പ്പത്തിന്‍റെ കരുത്തും അടിസ്ഥാനവുമായ ആധുനിക മൂല്യങ്ങളെയെല്ലാം സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ എതിര്‍ക്കുകയും അവയെ ശിഥിലമാക്കാന്‍ നിരന്തരശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്.

രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണവും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനവും നമ്മുടെ രാഷ്ട്രഘടനയെത്തന്നെ വര്‍ഗീയാധിഷ്ഠിതമായി ഉടച്ചുവാര്‍ക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്‍റെ തുടര്‍ച്ചയാണ് ഇന്നത്തെ ഭരണകര്‍ത്താക്കളും ലക്ഷ്യം വക്കുന്നത്. പാര്‍ലമെന്‍റ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മേലും സംഘപരിവാര്‍ നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അവര്‍ മുന്നോട്ടുവെക്കുന്ന ‘ഹിന്ദുത്വ ദേശീയത’ എന്ന ആശയം ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വര ദേശീയതാ സങ്കല്‍പ്പങ്ങളുടെ സമ്പൂര്‍ണ്ണ നിരാകരണമാണ്. എണ്ണത്തില്‍ കുറവുള്ളവരുടെ അഭിമാന ബോധത്തോടെയുള്ള അസ്തിത്വമാണ് ഏതൊരു ആധുനിക ജനാധിപത്യത്തിന്‍റെയും അടിസ്ഥാന നന്മ. എന്നാല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ മാത്രമല്ല ദളിതരും പിന്നാക്കക്കാരുമടക്കമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഴുവന്‍ രാഷ്ട്രശത്രുക്കളായി ചിത്രീകരിക്കുന്നതും മുഖ്യധാരയില്‍ നിന്ന് പുറന്തള്ളുന്നതുമാണ് സംഘ പരിവാറിന്‍റെ ഹിന്ദുത്വ ദേശീയത. പ്രകടമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ 2014ലും 2019ലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കിയവര്‍ 2024 ലും സമാന ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുകയാണ്.

ചരിത്രത്തില്‍ എല്ലായിടത്തുമെന്നതുപോലെ വെറുപ്പിന്‍റേയും സംശയത്തിന്‍റേയും അന്തരീക്ഷം നിരന്തരം നിലനിര്‍ത്തിയാണ് ഇവിടെയും ഫാസിസം തങ്ങളുടെ ‘നിര്‍മ്മിത ശത്രു’ക്കളെ വേട്ടയാടാന്‍ കളമൊരുക്കുന്നത്. ഇന്ത്യന്‍ ഫാസിസമെന്നത് രാഷ്ട്രീയപരം എന്നതോടൊപ്പം സാംസ്‌ക്കാരിക ഫാസിസം കൂടിയാണ് എന്ന് നാം തിരിച്ചറിയുന്നു. പാരമ്പര്യത്തിന്‍റെയും സംസ്‌ക്കാരത്തിന്‍റേയും പേരുപറഞ്ഞ് കടന്നുവരുന്ന ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ വിദ്വേഷ രാഷ്ട്രീയത്തോട് പ്രതിരോധം തീര്‍ക്കാതെ അവയോട് സമരസപ്പെടുന്ന ഒരു പുതു സ്വാഭാവികത (ന്യൂനോര്‍മല്‍) ഇന്ന് രാജ്യത്ത് രൂപപ്പെടുന്നത് നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മുന്‍ഗണനാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാതെ ക്ഷേത്രം നിര്‍മ്മാണം പോലുള്ള വൈകാരിക വിഷയങ്ങളിലേക്ക് ശ്രദ്ധതിരിച്ച് ഭരണ പരാജയം മൂടിവെക്കുന്ന തന്ത്രമാണ് സംഘപരിവാറിന്‍റേത്.

സത്യാനന്തര കാലഘട്ടത്തില്‍ വ്യാജ നിര്‍മ്മിതികളിലൂടെ സ്വാതന്ത്ര്യ സമര ചരിത്രത്തെയും രാഷ്ട്രശില്‍പ്പികളെയും അപകീര്‍ത്തിപ്പെടുത്തുന്ന ഫാസിസ്റ്റ് പ്രചരണ തന്ത്രങ്ങള്‍ക്കെതിരെ യഥാര്‍ത്ഥ ഇന്ത്യന്‍ ദേശീയതാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയ, സാംസ്‌കാരിക പ്രതിരോധങ്ങള്‍ ഇന്ന് അനിവാര്യമാവുകയാണ്. വെറുപ്പിന്‍റെ പ്രത്യയശാസ്ത്രത്തിനെതിരെ ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്നതിനായുള്ള രാജ്യവ്യാപക ക്യാമ്പെയിന് തയാറെടുക്കുന്ന രാഹുല്‍ ഗാന്ധിയെ കെപിസിസി അഭിവാദ്യം ചെയ്യുന്നു.

ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ വാക്കുകളുടെ നിരോധനം നടപ്പാക്കുന്ന, ചര്‍ച്ചകളില്ലാതെ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭീകരാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും നിരക്കാത്ത വേട്ടയാടലുകളാണ് സമീപകാലത്ത് നടക്കുന്നത്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സോണിയാ ഗാന്ധിയേയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കള്ളക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയക്ട്രേറ്റിനെ ഉപയോഗിച്ച് വേട്ടയാടുന്നത് ഇതിന്‍റെ ഏറ്റവുമൊടുവിലെ ഉദാഹരണങ്ങളാണ്. രാജ്യത്താകമാനം ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഈ വേട്ടയാടലിനെതിരെ രംഗത്തിറങ്ങിയത് ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കണമെന്നും നീതിപുലരണമെന്നുമുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്.

സ്വതന്ത്ര അഭിപ്രായ പ്രകടനവും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനവും രാജ്യത്ത് ഗുരുതരമായ പ്രതിസന്ധിയിലാണ്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സൂചികകളില്‍ ഇന്ത്യയുടെ സ്ഥാനം അനുദിനം താഴേക്ക് പോവുകയാണ്. കൊല ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും നീതിയുടെ പോരാളികളും ഈ ദുരന്തത്തിന്‍റെ നേര്‍സാക്ഷ്യമാണ്. ഭരണഘടനയെയും ത്രിവര്‍ണ പതാകയേയും പതിറ്റാണ്ടുകളോളം അംഗീകരിക്കാതിരുന്നവര്‍ അശോകസ്തംഭത്തേപ്പോലും വികലമായി ചിത്രീകരിക്കുകയാണ്. ഇന്ത്യന്‍ ദേശീയതയുടെ യഥാര്‍ത്ഥ അവകാശികളെന്ന നിലയില്‍ അതിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കുന്ന മുന്നണിപ്പോരാളികളായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കര്‍മ്മസജ്ജരാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന സംഘപരിവാറിന്‍റെ സാമന്തന്മാരായി, കേവലം അധികാരം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തന ശൈലിയാണ് കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഭരണം അനുവര്‍ത്തിക്കുന്നത്. തുടര്‍ഭരണത്തെ വിനയാന്വിതമായി സ്വീകരിച്ച് ജനകീയാഭിലാഷങ്ങള്‍ക്ക് അനുസൃതമായി ഭരിക്കുന്നതിന് പകരം ധാര്‍ഷ്ട്യവും ധിക്കാരവും ജനാധിപത്യ വിരുദ്ധതയുമാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മുഖമുദ്ര. സ്വതന്ത്ര ചിന്തയും കാഴ്ചപ്പാടും ആവിഷ്‌കാര സ്വതന്ത്ര്യവും സംസ്ഥാനത്ത് കടുത്ത വെല്ലുവിളി നേരിടുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും, കലാസാംസ്‌കാരിക പ്രവര്‍ത്തകരും, മാധ്യമ പ്രവര്‍ത്തകരും, മത സാമൂഹ്യ സംഘടനകളുമെല്ലാം ആജ്ഞാനുവര്‍ത്തികളും അടിമകളുമെന്നപോലെ പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. ആ സങ്കുചിത കാഴ്ചപ്പാടിന് പുറത്തുള്ള ആരെയും കേള്‍ക്കാന്‍ അവര്‍ക്കു താല്‍പര്യമില്ല . ഒന്നിനെയും അംഗീകരിക്കില്ല. ഇത് സംഘപരിവാര്‍ നയങ്ങളുടെയും മനോഭാവങ്ങളുടെയും അനുകരണമാണ്.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കമ്യൂണലിസത്തിലേക്കും ക്രോണി ക്യാപ്പിറ്റലസത്തിലേക്കും കൂപ്പുകുത്തി വീണിരിക്കുന്നു. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണങ്ങളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിടുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണകള്ളക്കത്ത്, ഡോളര്‍ കള്ളക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലെ പങ്കാളികളാണെന്ന നിലയില്‍ കേസിലെ പ്രധാനപ്രതി കോടതിയില്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകള്‍ നമ്മുടെ ഭരണാധികാരികളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും വിശ്വാസ്യതയും ഇല്ലാതാക്കിയിരിക്കുന്നു. സിപിഎം പോലുള്ള പാര്‍ട്ടി നേരിടുന്ന ജീര്‍ണതയിലേക്ക് വിരല്‍ചൂണ്ടുന്നവയാണ് സര്‍ക്കാരിനെതിരെ ഓരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ മുഖ്യമന്ത്രിക്ക് രാജിവെച്ചൊഴിയേണ്ടിവരുമായിരുന്നു. കേരളത്തിലെ സിപിഎമ്മും ബിജെപിയും രഹസ്യ പാക്കേജിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പരസ്പര സഹായ സംഘങ്ങളായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായി ഉയരുന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുമാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമണവും പിന്നീട് നടന്ന എകെജി സെന്‍റര്‍ അക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടത്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ ലംഘിച്ച് വിദേശ ഭരണകൂടത്തെ സമീപിക്കാന്‍ പോലും മടിയില്ലാത്ത മന്ത്രിമാരെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന നാടായി കേരളം അധപതിച്ചു. ഇന്ത്യന്‍ ഭരണഘടനയെ തന്നെ അട്ടിമറിക്കാനും ജനാധിപത്യവും മതേതരത്വവും അപ്രസക്തമാക്കാനും സംഘപരിവാര്‍ ശ്രമിക്കുന്ന ഈ കെട്ടകാലത്ത് ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ വികൃതമായി ചിത്രീകരിക്കാനും ഭരണഘടന ശില്‍പ്പികളെ അപകീര്‍ത്തിപ്പെടുത്താനും കേരളത്തിലെ ഒരു മന്ത്രി ശ്രമിച്ചത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. ഇത് ഒരു ഒറ്റപ്പെട്ട നാക്കുപിഴയല്ല, മറിച്ച് ഭരണഘടനാ രൂപവത്ക്കരണ കാലം തൊട്ടുതന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് ഭരണഘടനയോടും അതിന്‍റെ പ്രധാന ശില്‍പ്പിയായ ഡോ. അംബേദ്ക്കറോടുമുള്ള വരേണ്യകാഴ്ച്ചപ്പാടിലൂന്നിയ വിദ്വേഷമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. ഭരണഘടനയെ അവഹേളിച്ചതിന്‍റെ പേരില്‍ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത് ജനങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധത്തിന്‍റെ വിജയമാണ്.

തുടര്‍ഭരണം കേരളത്തിന് സര്‍വ്വനാശമാണ് ഉണ്ടാക്കിയത്. സ്റ്റേറ്റിനും ജനതക്കുമുണ്ടാക്കിയ ഈ പ്രതിസന്ധി മറികടക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസും യുഡിഎഫും നേതൃത്വം നല്‍കേണ്ടതായിട്ടുണ്ട്. ജനകീയ അടിത്തറ വിപുലപ്പെടുത്തിയും യുഡിഎഫ് വിപുലീകരിച്ചും കാലം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നാം സന്നദ്ധരാണ്. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് പോലും ഇന്ന് കേരളത്തിലെ തീവ്ര വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന സിപിഎം മുന്നണിയില്‍ അധികകാലം നില്‍ക്കാനാവില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാര പങ്കാളിത്തം എന്ന കേവല അജണ്ടയില്‍ തൃപ്തരാകാത്ത കക്ഷികള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് മുന്നണിവിട്ട് പുറത്തുവരേണ്ടിവരുന്ന സാഹചര്യത്തില്‍ യുഡിഎഫ് അതിന്റെ രാഷ്ട്രീയ ധര്‍മ്മം നിര്‍വഹിക്കും.

താത്ക്കാലിക നേട്ടങ്ങള്‍ക്കായി നാടിന്‍റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന വിധത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദത്തെ പ്രീണിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് കേരളത്തില്‍ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആലപ്പുഴയിലേയും പാലക്കാട്ടെയും കൊലപാതക പരമ്പരകള്‍ സര്‍ക്കാര്‍ സമീപനത്തിന്‍റെ ബാക്കിപത്രമാണ്. നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന മതതീവ്രവാദികളെയും അവര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാര്‍ സമീപനത്തെയും ചിന്തന്‍ ശിബിരം അപലപിക്കുന്നു. മതം നോക്കി തീവ്രവാദ ചാപ്പ ചുമത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് പലപ്പോഴും കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ നിന്നും ഉണ്ടാകുന്നത്. നീതിപൂര്‍വവും നിയമാനുസൃതവുമായ നടപടികള്‍ക്ക് പകരം രാഷ്ട്രീയതാത്പര്യങ്ങളോടെയുള്ള പക്ഷപാതപരമായ നിലപാടുകള്‍ പോലീസ് സ്വീകരിക്കുന്നത് നിയമവാഴ്ചയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുകളുമായി കോണ്‍ഗ്രസ് പാര്‍ട്ടി കേരള സമൂഹത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കും.

സാമ്പത്തികം

കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ഇന്ന് കാണുന്ന നേട്ടങ്ങളുടെ അടിസ്ഥാനം. 1991 ല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങള്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ പുത്തന്‍ അധ്യായം രചിച്ചു. ചരിത്രത്തിലാദ്യമായി രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിഞ്ഞത് യുപിഎ സര്‍ക്കാരിന്‍റെ കാലഘട്ടത്തിലായിരുന്നു. പുതിയ സാമ്പത്തിക മാറ്റങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന അനിവാര്യമായ പാര്‍ശ്വഫലങ്ങള്‍ നേരിടാന്‍ കോണ്‍ഗ്രസ് Inclusive Growth എന്ന സങ്കല്‍പം മുന്നോട്ടുവച്ചു. സമ്പത്തിന്‍റെ കേന്ദ്രീകരണത്തിന് പകരം നീതിപൂര്‍വമായ പുനര്‍വിതരണത്തിന് വേണ്ട നയങ്ങളാണ് കോണ്‍ഗ്രസ് രൂപം നല്‍കിയത്. പത്ത് വര്‍ഷം കൊണ്ട് 27 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്തിയെടുക്കാന്‍ യുപിഎ സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്ക് സാധിച്ചു എന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നാണ്. എന്നാല്‍ പിന്നീട് വന്ന മോദി സര്‍ക്കാര്‍ ഈ നേട്ടങ്ങളെല്ലാം തകര്‍ക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. നോട്ട് നിരോധനവും അശാസ്ത്രീയമായി നടപ്പിലാക്കിയ ജിഎസ്ടിയും സമ്പദ്ഘടനയുടെ നടുവൊടിച്ചു. പിന്നാലെ കൊവിഡ് മഹാമാരി കൂടിയായപ്പോള്‍ രാജ്യത്തിന്‍റെ സമ്പദ്ഘടന വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിട്ടുള്ളത്. രാജ്യം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്കാണ്.

കേരളത്തിന്‍റെ സാമ്പത്തിക സാഹചര്യങ്ങളും വ്യത്യസ്തമല്ല. അതിഭീകരമായ കടക്കെണിയില്‍ പെട്ടിരിക്കുകയാണ് സംസ്ഥാനം. നിത്യനിദാന ചെലവുകള്‍ക്ക് പോലും കടമെടുത്ത ചെലവഴിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. ആഡംബരത്തിലും അധികാരപ്രമത്തതയിലും വിരാജിക്കുന്ന മുഖ്യമന്ത്രിയുടെ ഇടതു മുഖം നഷ്ടപ്പെട്ടു എന്നും കമ്യൂണിസ്റ്റുകള്‍ക്ക് അപമാനമെന്നും ഇതര കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും പറഞ്ഞു തുടങ്ങിയിരിക്കുന്നു. കിഫ്ബി കേരളത്തിന്‍റെ സാമ്പത്തിക ആത്മഹത്യക്കുള്ള തൂക്കുകയര്‍ ആണ്. കിഫ്ബി എടുക്കുന്ന കടം ബഡ്ജറ്റിന് പുറത്താണ് എന്ന വാദം പൊളിഞ്ഞിരിക്കുന്നു. കിഫ്ബി ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ നേരിട്ടുള്ള ബാധ്യതയായി മാറിയിരിക്കുകയാണ്.

സംസ്ഥാനത്ത് റവന്യൂ വരുമാനം വര്‍ധിപ്പിക്കാന്‍ സമ്പദ്ഘടനയെ ഉടച്ചു വാര്‍ക്കേണ്ടിയിരിക്കുന്നു. നോളജ് എക്കോണമിയില്‍ ഊന്നിയ സമഗ്ര പരിഷ്‌കാരങ്ങള്‍ക്ക് നാം തയാറാകണം. മെറ്റാവേഴ്സിന്‍റെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്‍റെയും മെഷീന്‍ ലേണിംഗിന്‍റെയും അനന്തമായ സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള പരിഷ്‌കാരങ്ങളാണ് ഉണ്ടാകേണ്ടത്. Unemployment പോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് കേരളത്തിലെ Under Employment. യുവാക്കള്‍ക്ക് മാന്യമായ വരുമാനം ഉറപ്പുവരുത്താന്‍ കഴിയുന്ന പരിഷ്‌കാരങ്ങള്‍ ഉണ്ടാകണം.

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് പ്രീണനത്തിന്‍റെ ഏറ്റവും വലിയ ഇരകള്‍ ഇന്ത്യയിലെ കര്‍ഷകരാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ കര്‍ഷകരുടെ ശക്തമായ ചെറുത്ത് നില്‍പ്പ് കാരണം താത്ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നെങ്കിലും കര്‍ഷക ദ്രോഹനയങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുകയാണ്. പെരുകുന്ന കര്‍ഷക ആത്മഹത്യകള്‍, കടക്കെണി കൊണ്ട് നട്ടെല്ലൊടിഞ്ഞ കര്‍ഷകന്‍റെ ദുരവസ്ഥയാണ് വ്യക്തമാക്കുന്നത്. ചങ്ങാത്ത മുതലാളിമാര്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് കോടി രൂപയുടെ കടങ്ങള്‍ എഴുതി തള്ളുന്ന ഇന്ത്യന്‍ ഭരണകൂടം പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ കര്‍ഷകനെ സഹായിക്കാന്‍ കഴിഞ്ഞ എട്ടുവര്‍ഷമായിട്ടും തയാറാകത്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റകൃത്യമാണ്. കേരളത്തിലും കര്‍ഷകര്‍ സമാനമായ പ്രതിസന്ധി നേരിടുന്നു. കാലവസ്ഥ വ്യതിയാനം കൊണ്ടും ഉയര്‍ന്ന കാര്‍ഷിക ചെലവുകള്‍ കാരണവും, വിലത്തകര്‍ച്ച എന്നിവ മൂലവും കാര്‍ഷികവൃത്തി ദുരിതത്തിലാണ്. കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കാനോ നെല്ല്, നാണ്യവിളകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പ്പനങ്ങള്‍ സംഭരിക്കാനോ യഥാസമയം പണം നല്‍കാനോ സര്‍ക്കാര്‍ തയാറാകുന്നില്ല. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിലും കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പ് വരുത്തുന്നതിലും സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. കേരളത്തിലെ ജനവാസ മേഖലകളെ ബഫര്‍ സോണില്‍പ്പെടുത്താന്‍ കേന്ദ്രത്തിന് പ്രമേയം പാസാക്കി നല്‍കിയ കേരള സര്‍ക്കാര്‍ കര്‍ഷക ജനതയോട് കടുത്ത വഞ്ചനയാണ് കാട്ടിയത്. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കും അക്രമത്തിന് ഇരയാകുന്ന കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് നിര്‍ത്തലാക്കിയ കേരള സര്‍ക്കാര്‍ എത്രയും വേഗം അവ പുനഃസ്ഥാപിക്കാന്‍ തയാറാകണം. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടേയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കും.

സാമൂഹികനീതി

ഇന്ത്യന്‍ സമൂഹത്തിലെ ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ ഇനിയും പരിഹൃതമായിട്ടില്ല. ദേശീയ പ്രക്ഷോഭത്തിന്‍റെ കാലത്തുതന്നെ ഈ അനീതിയുടെ പരിഹാര പരിശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ചൂഷണാത്മകത ഏറ്റവും അടുത്തു നിന്നനുഭവിച്ച ഡോ. ബി.ആര്‍ അംബേദ്കറെ ഇന്ത്യന്‍ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷനാക്കി ഇന്ത്യന്‍ ഭരണഘടനയില്‍ സമൂഹ്യനീതിയെ ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയത് നമ്മുടെ രാഷ്ട്രചരിത്രത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ആ സാമൂഹികവും സാമ്പത്തികവുമായ നീതി സങ്കല്‍പ്പങ്ങള്‍ ഇന്നും പൂര്‍ണാര്‍ത്ഥത്തില്‍ സാക്ഷത്കരിക്കപ്പെട്ടിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. ദേശീയ, പ്രാദേശിക സര്‍ക്കാരുകള്‍ ഇതിനായുള്ള സാര്‍ത്ഥകമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്ത് പട്ടികജാതി വിഭാഗങ്ങള്‍ക്കും ആദിവസികള്‍ക്കും നേരെയുള്ള ജാതിപീഡനങ്ങളും ആള്‍ക്കൂട്ട അക്രമങ്ങളും വര്‍ധിച്ച് വരികയാണ്. ഹത്രാസ് ഉള്‍പ്പെടെയുള്ള ഇത്തരം ഇടങ്ങളില്‍ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇരകള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മുന്നില്‍ നിന്നാണ് പോരാട്ടം നയിച്ചത്. കേരളത്തില്‍പ്പോലും വാളയാറിലെ കുഞ്ഞുങ്ങള്‍ക്ക് നേരിടേണ്ടിവന്ന പീഡനവും പ്രതികള്‍ക്ക് ഭരണകൂടം നല്‍കിയ സംരക്ഷണവും, ആള്‍ക്കൂട്ട അക്രമത്തിന് വിധേയനായി ജീവന്‍ നഷ്ടമായ ആദിവാസി യുവാവായ മധുവിന്‍റെ കേസിലെ സമാന ഇടപെടലുകളും ആശങ്കയുളവാക്കുന്നതാണ്. ദളിത് പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള പോരട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മുന്നിട്ടിറങ്ങും. രാജ്യത്താകമാനം പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യകുത്തകകള്‍ക്ക് വിറ്റഴിക്കുമ്പോള്‍ നിഷേധിക്കപ്പെടുന്നത് സംവരണാവകാശങ്ങളും സാമൂഹ്യനീതിയുമാണ്. ഇത്തരം സാഹചര്യവും കാണാതിരുന്നുകൂടാ. കോണ്‍ഗ്രസ് സംഘടനയുടെ വിവിധ തലങ്ങളില്‍ പിന്നോക്ക സമുദായ അംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്താന്‍ കെപിസിസി പ്രതിജ്ഞാബദ്ധമാണ്.

സംഘടനാകാര്യം

മേല്‍വിവരിച്ച വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ കഴിയുന്ന സക്രിയമായ ഒരു സംഘടനാ സംവിധാനം പാര്‍ട്ടിക്ക് ആവശ്യമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിലല്ല, അത് സമയബന്ധിതമായി, കൂട്ടുത്തരവാദിത്വത്തോടെ, അക്കൗണ്ടബിലിറ്റി ഉറപ്പാക്കി നടപ്പാക്കുന്നതാണ് പ്രധാനം. സംഘപരിവാറിന്‍റെയും സിപിഎമ്മിന്‍റെയും വിനാശകരമായ നയങ്ങളെ, ആശയപരമായി സമയോചിതമായി പ്രതിരോധിക്കാന്‍ ശേഷിയുള്ളതും ഭരണകൂടങ്ങളുടെ മനുഷ്യത്വ വിരുദ്ധമായ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളിലൂടെ ചെറുക്കാന്‍ ശേഷിയുള്ളതുമായ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ കഴിയൂ എന്ന് നാം തിരിച്ചറിയണം.

എഐസിസി നിഷ്‌കര്‍ഷിക്കുന്ന സമയക്രമം പാലിച്ച് ബൂത്ത് തലം മുതല്‍ കെപിസിസി വരെ പുനഃസംഘടന പൂര്‍ത്തിയാക്കുകയെന്നതാണ് പാര്‍ട്ടിക്ക് മുമ്പിലെ പ്രധാന ദൗത്യം. പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം പുനഃക്രമീകരിക്കും. ഒന്നിലേറെ മണ്ഡലം കമ്മിറ്റികളുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമെങ്കില്‍ പുനഃക്രമീകരണം നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതി മാതൃകയില്‍ ജില്ലാ, നിയോജക മണ്ഡലം തലങ്ങളില്‍ രൂപീകരിക്കും. പാര്‍ട്ടി അച്ചടക്കം ഉറപ്പുവരുത്തുന്നതിനായി ജില്ലാ തലങ്ങളില്‍ സംവിധാനമുണ്ടാക്കും.

എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നിര്‍ബന്ധിതമാക്കും. വിപുലമായ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ കെപിസിസി, ഡിസിസികളില്‍ തുറക്കും. ഇതിനായി പ്രത്യേക സിലബസ് തയാറാക്കും. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ (ഐസിസി) സംസ്ഥാന, ജില്ലാ തലങ്ങളില്‍ രൂപീകരിക്കും. ഉദയ്പൂര്‍ ചിന്തന്‍ ശിവിർ പ്രഖ്യാപനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് യുവാക്കള്‍ക്കും വനിതകള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും പാര്‍ട്ടിയുടെ എല്ലാ ഘടകത്തിലും പ്രാധിനിത്യം ഉറപ്പാക്കും.

പ്രവാസികളായ കേരളീയരുടെ പൊതുവേദിയായ ഒഐസിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. എല്ലാ വിദേശരാജ്യങ്ങളിലെയും കമ്മിറ്റികള്‍ അംഗത്വ വിതരണം നടത്തി സമയബന്ധിതമായി പുനഃസംഘടിപ്പിക്കും. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ കാലനുസൃതമായി പരിഷ്‌കരിക്കും. എല്ലാ പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുന്നെന്ന് ഉറപ്പുവരുത്തും. കെപിസിസിയിലും ഡിസിസികളിലും ഇലക്ഷന്‍ മാനേജ്‌മെന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റ് ആരംഭിക്കും.

എല്ലാ തലങ്ങളിലുമുള്ള പാര്‍ട്ടി കമ്മിറ്റികള്‍ക്കും ഭാരവാഹികള്‍ക്കും സമയസമയങ്ങളില്‍ അസൈന്‍മെന്‍റുകള്‍ നല്‍കുന്നതിനും പ്രവര്‍ത്തനം വിലയിരുത്തുന്നതിനും കെപിസിസിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ബൂത്ത് തലങ്ങളിലെ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞ് പ്രത്യേക രജിസ്റ്റര്‍ തയാറാക്കും. കെപിസിസിയുടെ സാഹിതി തിയേറ്റേഴ്‌സിന്‍റെ പ്രവര്‍ത്തനം പുനഃരാരംഭിക്കും. രാഷ്ട്രീയ പ്രവര്‍ത്തനവും, സാമൂഹ്യ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവുമെല്ലാം ഒന്നുതന്നെയാണ്. സാധാരണക്കാരന്‍റെ ദുരിതമകറ്റാന്‍, നിസഹായരും, നിസ്വരുമായവര്‍ക്ക് കൈത്താങ്ങാവാന്‍ നമ്മള്‍ നടത്തുന്ന കഠിനമായ പ്രവര്‍ത്തനമാവണം രാഷ്ട്രീയ പ്രവര്‍ത്തനം. ആര്‍ദ്രമായ മനസുള്ള ശരിയായ ഒരു പൊതുപ്രവര്‍ത്തകനാകണം ഓരോ കോണ്‍ഗ്രസുകാരനും. അതുകൊണ്ടുതന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാം പരിഗണന നല്‍കണം.

പ്രത്യേയശാസ്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതും പ്രധാനമാണ്. സംഘടനാ വീഴ്ചകള്‍ നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ പ്രതിസന്ധി നമുക്ക് മറികടക്കണം. ബുത്ത് തലം മാത്രമല്ല. സിയുസി വരെയും സംഘനാ സംവിധാനം ശക്തമാക്കാനുള്ള ശ്രമകരമായ ദൗത്യമാണ് അടുത്ത 6 മാസം നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്. ഇതടക്കം പാര്‍ട്ടി പ്രവര്‍ത്തനത്തിന് കലണ്ടര്‍ തയാറാക്കും. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊളിറ്റിക്കലാക്കല്‍ എന്ന ദൗത്യം നാം ഏറ്റെടുക്കുന്നു. സംഘടനയുടെ പ്രഖ്യാപിത നയങ്ങളെ കുറിച്ചും എതിരാളികളുടെ ശക്തിദൗര്‍ബല്യത്തെ കുറിച്ചും അറിയുന്നവരാകണം നമ്മുടെ പ്രവര്‍ത്തകര്‍. അതിനായി നിരന്തരമായ പരിശീലനം നമുക്ക് നടപ്പാക്കണം. പാര്‍ട്ടി സമ്മേളനങ്ങള്‍ എല്ലാ വര്‍ഷവും നടത്തി സംഘടനയെ അടിമുടി സജീവമാക്കേണ്ടത് അനിവാര്യമാണെന്ന് ചിന്തന്‍ ശിബിരം തിരിച്ചറിയുന്നു. അതിനായി എല്ലാ വര്‍ഷവും ബൂത്ത് തലം മുതല്‍ കെപിസിസി തലം വരെ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തും.

സംഘടനാ തെരഞ്ഞെടുപ്പ് എഐസിസി ഷെഡ്യൂള്‍ പ്രകാരമാകും നടത്തുക. എല്ലാ ഘടകങ്ങളിലുമുള്ള പാര്‍ട്ടി ഭാരവാഹികള്‍ക്ക് കാലപരിധി നിശ്ചയിക്കും. ഇതുസംബന്ധിച്ച ഉദയ്പൂര്‍ പ്രഖ്യാപനത്തിലെ നിര്‍ദ്ദേശം നടപ്പാക്കും. പാര്‍ട്ടി സെല്ലുകളുടെ ചുമതല പരിചയ സമ്പന്നരായ നേതാക്കള്‍ക്ക് നല്‍കും. പോഷക സംഘടനകളിലൂടെയും സെല്ലുകളിലൂടെയും വിവിധ ജനവിഭാഗങ്ങളെ പാര്‍ട്ടിയെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുതതും.ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വാസമുള്ള വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരായി ഓരോ പ്രവര്‍ത്തകനെയും മാറ്റിയെടുക്കണം. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശനമായ മാര്‍ നിര്‍ദ്ദേശം നടപ്പാക്കും.ഓഫീസുകള്‍ ഇല്ലാത്ത മണ്ഡലം കമ്മിറ്റികളിലെല്ലാം ഓഫീസുകള്‍ തുറക്കും. സിപിഎം ഭരണത്തില്‍ രാഷ്ട്രീയ വൈരാഗ്യം മുന്‍നിര്‍ത്തി വ്യാജ കേസുകളില്‍ പ്രതിയാക്കപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിയമസഹായം ലഭ്യമാക്കും. കെപിസിസി നിയമസഹായ സമിതി വഴിയാകും ഇത് ലഭ്യമാക്കുക.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപകടകരമായ നാളുകളില്‍ പ്രകൃതിയെ പ്രണയിക്കാനും അതിനെ സംരക്ഷിക്കാനും ഏതറ്റവരെ പോകാനും തയാറുള്ളവരാകണം നമ്മള്‍. സ്ത്രീകളും കുഞ്ഞുങ്ങളും എല്ലാ സാമൂഹ്യ വിപത്തിന്‍റെയും ഇരകളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഉറച്ച സ്ത്രീപക്ഷ നിലപാടുകളായിരിക്കണം കോണ്‍ഗ്രസിന്‍റേത്. പട്ടികജാതി-പട്ടിക വര്‍ഗത്തില്‍പ്പെട്ടവരെയും മത്സ്യതൊഴിലാളികളെയും കര്‍ഷക-കര്‍ഷക തൊഴിലാളികളും ഉള്‍പ്പെടുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ ജനനവിഭാഗങ്ങളെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയും അവര്‍ക്കായി പോരാടുകയും ചെയ്യുന്ന കോണ്‍ഗ്രസായാണ് ഇനി കേരളത്തില്‍ നമ്മള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ജനസ്വീകാര്യമല്ലാത്തതും പ്രകൃതവുമായ സമരരീതികള്‍ മാറ്റി കാലാനുസൃതമായ സമര രീതികള്‍ നമുക്ക് ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന ഈ ആശങ്ങളും പരിപാടി കളും വിജയപഥങ്ങളിലെത്തിക്കാനുള്ള ഉറച്ച തീരുമാനവും പ്രവര്‍ത്തന സജ്ജമായ മനസുമായി കെ കരുണാകരന്‍ നഗറില്‍ നവചിന്തന്‍ ശിബിരം ആവേശം ഉള്‍ക്കൊണ്ട് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.

ജയ്ഹിന്ദ്