നയവ്യതിയാനങ്ങൾ സിപിഎമ്മിന് പുതുമയല്ല; ടോൾരഹിത പാതയെന്ന പ്രഖ്യാപിത നിലപാടിൽ നിന്നും പിന്നോട്ട്; സർക്കാർ തീവെട്ടിക്കൊള്ളയ്ക്കോ?

Jaihind News Bureau
Tuesday, February 4, 2025

തിരുവനന്തപുരം: നയവ്യതിയാനം എന്ന വാക്ക് സിപിഎമ്മിന്റെ നിഘണ്ടുവിലേ ഉണ്ടാകാൻ സാധ്യതയില്ല. കാരണം കേരളത്തിലെ സിപിഎം നയവ്യതിയാനത്തിന്റെ അപ്പോസ്തലന്മാരായി മാറുന്നു എന്നതാണ് യാഥാർഥ്യം. പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കിഫ്‌ബി റോഡുകളിലെ ടോൾ പിരിവ്.

ദേശീയപാതകളിലെ ഉള്‍പ്പെടെ ടോള്‍ പിരിവിനെതിരെ അതിശക്തമായി പ്രതികരിച്ചിരുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ ഇന്ന് അതെ പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ കിഫ്ബി ഫണ്ട് വഴി നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനമാണ് കൈക്കൊള്ളുന്നത് എന്നത് വിരോധാഭാസമാണ്. ടോള്‍രഹിത പാതയെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ അതിൽ നിന്നും പൂർണമായും പിന്നിലേക്ക് പോവുകയാണ് ഇപ്പോൾ. മുൻപ് ടോള്‍ പിരിവിനെതിരെ സമരരംഗത്തിറങ്ങിയിരുന്ന ഇടതു യുവജനസംഘടനകളുടെ നിലപാട് എന്ത് എന്നതാണ് പ്രധാന ചോദ്യം.

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയാണ്. എന്നാൽ പാർട്ടി സെക്രട്ടറിയും നേതാക്കളും മറന്ന് പോകുന്ന ഒരു കാര്യമുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പാര്‍ട്ടിയുടെ പ്രകടനപത്രിക. പൊതു ഹൈവേകളില്‍നിന്ന് സ്വകാര്യ ഏജന്‍സികള്‍ ടോള്‍ ഉള്‍പ്പെടെ വരുമാനം പിരിച്ചെടുക്കുന്നത് അവസാനിപ്പിക്കുമെന്നുമായിരുന്നു പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇന്ന് അതൊക്കെ മറന്ന മട്ടിലാണ് സിപിഎം.

ഇടതുസര്‍ക്കാര്‍ അഭിമാനപദ്ധതിയായി രൂപീകരിച്ച കിഫ്ബി ഇപ്പോൾ സര്‍ക്കാരിന് തന്നെ വലിയ തലവേദനയായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. . 2023 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് കിഫ്ബിക്കും കെഎസ്എസ്പിഎല്ലിനും കൂടി 29,475.97 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് സിഎജി റിപ്പോർട്ട്. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം. കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി കരാറുകൾ പലതും നൽകിയതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കി. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചു.

കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കി. കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോൾ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കം. കിഫ്ബിയുടെ നിലനില്‍പ് തന്നെ അപകടത്തിലാകുന്ന ഘട്ടത്തിലാണ് റോഡുകളില്‍നിന്ന് യൂസര്‍ ഫീ എന്ന നിലയില്‍ ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പൊതുമരാമത്ത് വകുപ്പുമായി കിഫ്ബി നടത്തുന്ന 618 പദ്ധതികളില്‍ കൂടുതലും തീരദേശ, മലയോര പാതകളും പാലങ്ങളുമാണ്. ടോള്‍ പിരിവിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയാല്‍ വൻ പ്രതിഷേധങ്ങള്‍ക്കാവും പാതയോരങ്ങള്‍ സാക്ഷിയാകുക. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി അത് വ്യക്തമാക്കുകയും ചെയ്തു.