തൃശൂർ: ചാവക്കാട് തിരക്കേറിയ റോഡ് തടഞ്ഞ് പോലീസിന്‍റെ ഓണാഘോഷം. വടക്കേക്കാട് പോലീസ് സ്റ്റേഷന് മുന്നിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസുകാർ റോഡ് ബ്ലോക്കാക്കി ഓണാഘോഷം നടത്തിയത്. സ്റ്റേഷന് മുന്നിലെ റോഡിൽ കസേര കളിയും വടംവലിയും ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടത്തി. സംഭവത്തിൽ പോലീസിനെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വൻ വിമർശനമാണ് ഉയരുന്നത്.
മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥികൾ ഓണാഘോഷത്തിന്‍റെ ഭാഗമായി റോഡിലൂടെ കൂട്ടമായി നീങ്ങിയത് ഗതാഗത തടസമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ലാത്തിച്ചാർജ് നടത്തുകയും വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയും ചെയ്ത അതേ ദിവസം തന്നെയാണ് തൃശൂരിൽ വടക്കേക്കാട് തിരക്കേറിയ റോഡിൽ പോലീസ് ഓണാഘോഷം നടത്തിയത്. പോലീസുകാരുടെ ആഘോഷത്തിന്‍റെ ചിത്രങ്ങൾ എസ്എച്ച്ഒ തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
കമന്‍റിൽ വിമർശനങ്ങൾ കടുത്തതോടെ പോസ്റ്റ് പിൻവലിച്ചുവെങ്കിലും പോലീസിനെതിരെയുള്ള വിമർശനം തുടരുകയാണ്. സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ എല്ലാ പോലീസുകാരും ഔദ്യോഗിക വേഷങ്ങൾ മാറ്റിവെച്ചുകൊണ്ട് പൊതുവഴിയിൽ ആഘോഷപരിപാടി നടത്തുകയായിരുന്നു. റോഡിന്‍റെ ഒരു ലെയ്ൻ കയ്യേറി പുരുഷ – വനിതാ പൊലീസകാർ കസേരകളിയും വടംവലിയുമായി ആഘോഷിക്കുമ്പോൾ ഒറ്റവരിയിലൂടെയായിരുന്നു ഗതാഗതം നടന്നിരുന്നത്.