പോലീസുകാര്‍ക്കും രക്ഷയില്ല; സേനയില്‍ അംഗബലം കുറവ്; അക്രമത്തിന് ഇരയാകുന്ന പോലീസുകാരുടെ എണ്ണം മാത്രം 10%

Jaihind News Bureau
Wednesday, April 9, 2025

ഡ്യൂട്ടിക്കിടയില്‍ ഇടിവാങ്ങിക്കൂട്ടുന്ന പോലീസുകാരുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പോലീസിനും രക്ഷയില്ല. ലഹരി മാഫിയയുടേത് ഉള്‍പ്പെടെ ചെറുതും വലുതുമായ ആക്രമണത്തിന് ഇരയായവരുടെ കണക്കുകള്‍ വര്‍ധിക്കുകയാണ്. സേനയിലെ അംഗബലം ഇല്ലായ്മയും പലപ്പോഴും പോലീസ് ഉദ്യോഗസ്ഥരുടെ ജീവനു പ്രതിസന്ധിയാകുന്നുണ്ട്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഡ്യൂട്ടിക്കിടയില്‍ ആക്രമണത്തിന് ഇരയായത് പത്ത് ശതമാനം പോലീസ് ഉദ്യോഗസ്ഥരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം നെടുങ്കാട് തീമങ്കരിയില്‍ സമന്‍സ് വിതരണത്തിനിടെ കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജയചന്ദ്രന് കഴിഞ്ഞ ദിവസം കുത്തേറ്റതാണ് ഒടുവിലത്തെ സംഭവം. ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ മണിയന്‍പിള്ള എന്ന പോലീസ് ഡ്രൈവര്‍ മുതല്‍ ഒടുവില്‍ കോട്ടയം തെള്ളകത്ത് ശ്യാമപ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ഗുണ്ട ചവിട്ടിക്കൊന്നതും മലയാളികള്‍ മറക്കാറായിട്ടില്ല. പട്രോളിംഗിനു പോകുമ്പോള്‍ പിസ്റ്റലോ റിവോള്‍വറോ കൈയില്‍ കരുതാമെന്ന് ഡിജിപിയുടെ ഉത്തരവുണ്ടെങ്കിലും അതൊക്കെ പിന്നീട് ബാധ്യതയാകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡ്യൂട്ടിക്ക് പോകുമ്പോള്‍ റിവോള്‍വര്‍ കൈയിലെടുക്കുന്ന ഉദ്യോഗസ്ഥരെ ഓഫീസ് ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കുന്ന മേലുദ്യോഗസ്ഥരും കുറവല്ല.

അതേസമയം ചെറിയ തോതില്‍ അക്രമണത്തിന് ഇരയായാല്‍ പോലും കേസിനു പോകാന്‍ പല പോലീസ് ഉദ്യോഗസ്ഥരും താല്‍പര്യം കാണിക്കാറുമില്ല. കോടതി കയറിയിറങ്ങി സമയ നഷ്ടമുണ്ടാകുമെന്നും നീതി കിട്ടില്ലെന്നുമാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 15 വര്‍ഷം മുമ്പു വരെ പട്രോളിംഗ് ജീപ്പില്‍ ആറു പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് ഡ്രൈവറും ഒരു പോലീസ് ഉദ്യോഗസ്ഥനും മാത്രമായിട്ടാണ് നൈറ്റ് പട്രോളിംഗ് ഉള്‍പ്പെടെ നടത്തുന്നത്. മയക്കുമരുന്നിന്റെ അതിപ്രസരം ഉള്ള ഈ കാലത്ത് ലഹരി ഉപയോഗിച്ച് അക്രമാസക്തനായ പ്രതിയെ കീഴടക്കാന്‍ രണ്ടു പോലീസുകാരെക്കൊണ്ട് കഴിയാതെ വരുന്നുണ്ടെന്നും കൊച്ചി സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബലം പ്രയോഗിച്ച് പ്രതിയെ കീഴടക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പോലീസിനു നേരെ തിരിയുകയാണ്. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിന്തുണ ഇല്ലാതെ വരുന്നത് മൂലവും പലപ്പോഴും ആക്രമണത്തിന് ഇരയായാല്‍ പോലും മൗനം പാലിക്കേണ്ടിവരുവെന്നും സേനാംഗങ്ങള്‍ പറയുന്നു. മാറിമാറി വരുന്ന ഭരണമുന്നണിയുടെ മുഖമായി മാറുന്ന പോലീസുകാരെ സംരക്ഷിക്കാതെ കേസുകളില്‍ പെടുന്ന രാഷ്ട്രീയക്കാരെ ഇറക്കിക്കൊണ്ടുപോകുന്ന സംഭവങ്ങളും പതിവാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.