പെട്രോളടിക്കാന്‍ ഗതിയില്ലാതെ പോലീസ്; കുടിശിക തീർക്കാതെ ഇന്ധനം നല്‍കില്ലെന്ന് പമ്പുടമകള്‍

Jaihind Webdesk
Monday, March 18, 2024

 

തിരുവനന്തപുരം: കുടിശിക തീര്‍ക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പുടമകള്‍ നിലപാട് കടുപ്പിച്ചതോടെ ഇന്ധനമടിക്കാൻ ഗതിയില്ലാതെ പോലീസ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏറെനാളായി തുടരുന്ന പോലീസിലെ ഇന്ധന പ്രതിസന്ധി ഇതോടെ രൂക്ഷമായി. കുടിശിക 28 കോടി കടന്നതോടെയാണ് പോലീസ് വാഹനങ്ങള്‍ക്ക്  ഇനി ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍
നിലപാട് കടുപ്പിച്ചത്. ഇതോടെ ഏറെ നാളായി തുടരുന്ന പോലീസിലെ ഇന്ധന പ്രതിസന്ധി കൂടുതൽ രൂക്ഷമായി.

തിരുവനന്തപുരം എസ്എപിയിലെ പോലീസ് പമ്പില്‍ ഇനി ഒരാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നത്. ഇതുകൂടി തീരുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. തിരുവനന്തപുരത്ത് പോലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പോലിസ് പമ്പിൽ നിന്നാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും കോടികൾ നൽകാനുള്ള സാഹചര്യത്തിൽ ഐഒസിയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കുടിശിക നൽകിയാലേ അടുത്ത ലോഡ് അയയ്ക്കൂ എന്നാണ് ഐഒസിയും അറിയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ പോലീസ് വാഹനങ്ങളുടെ ഇന്ധന ഉപയോഗവും ഏറെ വർധിച്ചു കഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സർക്കാർ വാഹനങ്ങള്‍ക്കും ഇന്ധനം കടം നൽകില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍. ഇതോടെ ഇന്ധന പ്രതിസന്ധി മറ്റ് വകുപ്പുകളിലേക്കും വ്യാപിക്കും. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്റ്റേഷൻ ചുമതലയുള്ളവർ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി ഇന്ധനം അടിക്കേണ്ട അവസ്ഥ ഏറെ നാളായി നിലനിന്നിരുന്നു. ഈ ഇനത്തിൽ ഉദ്യോഗസ്ഥർക്ക് ആയിരങ്ങളും പതിനായിരങ്ങളുമാണ് സർക്കാർ നൽകാനുള്ളത്.

ഇന്ധന പ്രതിസന്ധി അന്യ സംസ്ഥാനങ്ങളിൽ പോയുള്ള കേസന്വേഷണത്തെ ഉൾപ്പെടെ ബാധിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലമായതോടെ വിഐപി ഡ്യൂട്ടികൾ ഉൾപ്പെടെ ഇന്ധന ഉപഭോഗം കൂടുന്നതോടെ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. നൈറ്റ് പട്രോളിംഗിനെ പോലും നിലവിലെ സ്ഥിതി ബാധിക്കും. സർക്കാർ അടിയന്തരമായി പ്രശ്നപരിഹാരത്തിന് തയാറായില്ലെങ്കിൽ പോലീസ് വാഹനങ്ങൾ നിരത്തുകളിൽ ഇറക്കാനാകാത്ത സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.