ബോംബ്, കുലുക്കം, സിസി ടിവി, തട്ടുകടക്കാരന്‍, ഡിയോ സ്കൂട്ടർ… അവസാനം പടക്കക്കടക്കാരുടെ പിന്നാലെ കേരള പോലീസ്

Jaihind Webdesk
Saturday, July 16, 2022

തിരുവനന്തപുരം: എകെജി സെന്‍ററിന് പടക്കമെറിഞ്ഞ് 17 ദിവസം കഴിഞ്ഞു. കേരള പോലീസ് ആ ‘ഭീകര പ്രതി’ക്ക് പിന്നാലെ ഇപ്പോഴും ഓടുകയാണ്. ‘സ്ഫോടനത്തിന്‍റെ’ ശക്തിയില്‍ എകെജി സെന്‍റര്‍ കുലുങ്ങിയെന്ന് ശ്രീമതി ടീച്ചറും രണ്ടോളം സ്റ്റീല്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണമാണെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനറും ‘തുമ്പ്’ നല്‍കിയിട്ടും കേരള പോലീസിന് പ്രതിയെ കണ്ടെത്താനാകുന്നില്ല. ഇ.പി ജയരാജന്‍റെ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണ പുരോഗതി പോലും പോലീസിനുണ്ടായില്ല എന്നത് വ്യാപക വിമർശനത്തിന് മാത്രമല്ല, കറങ്ങിത്തിരിഞ്ഞ് ആഭ്യന്തരവകുപ്പിന്‍റെ കഴിവുകേടിലേക്കും എത്തിനില്‍ക്കുന്നു. എന്തായാലും ഈ കേസന്വേഷണം പോലീസിന്‍റെ ഒരു ‘പ്രത്യേക ഏക്ഷന്‍’ ആണെന്നും കരക്കമ്പിയുണ്ട്.

അതീവ സുരക്ഷാ മേഖലയിലുണ്ടായ ‘ആക്രമണം’ നടന്നതിന് പിന്നാലെ സിപിഎം വ്യാപക അക്രമം അഴിച്ചുവിട്ടതിനാണ് കേരളം സാക്ഷ്യം വഹിച്ചത്.  സംഭവം നടന്ന് മിനിറ്റുകള്‍ക്കകം എകെജി സെന്‍ററിന് ‘ബോംബ്’ എറിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചു. തൊട്ടുപിന്നാലെ യുദ്ധസന്നദ്ധരായി സിപിഎം തെരുവിലേക്ക്. എല്‍ഡിഎഫ് കണ്‍വീനറുടെ നേതൃത്വത്തില്‍ തെളിവെടുപ്പ്. ബോംബിന്‍റെ മണം കിട്ടിയെന്ന് സാക്ഷ്യപ്പെടുത്തിയിടത്ത് തുടങ്ങി പോലീസിന്‍റെ ഗതികേട്. ഉത്തരവാദിത്വം യുഡിഎഫിന് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതാക്കളുടെ തിരിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊളിഞ്ഞടുങ്ങി. അടിമുടി ദുരൂഹമായ എകെജി സെന്‍റര്‍ സംഭവത്തില്‍ ഉയർന്നത് നിരവധി ചോദ്യങ്ങളായിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് സിപിഎം നേതാക്കള്‍ ഉത്തരം പറയാന്‍ ശ്രമിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമായി. ‘കക്കാനറിയുന്നവന് നിക്കാനും അറിയാം’, ‘സുകുമാരക്കുറുപ്പിനെ ഇതുവരെ കിട്ടിയോ’ എന്ന തരത്തിലുള്ള ‘ബുദ്ധിപരമായ’ മറുപടികള്‍ എത്തിയതോടെ പൊതുസമൂഹത്തിനും കാര്യങ്ങള്‍ പിടികിട്ടിത്തുടങ്ങി.

പോലീസ് അന്വേഷണം തുടങ്ങിയത് സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്. പക്ഷെ ആരെയും കാണാന്‍ പറ്റുന്നില്ല. നോക്കി ചെന്നപ്പോള്‍ അതുവഴി പോയത് തട്ടുകടക്കാരന്‍. എന്തായാലും ആ ആളല്ലെന്ന് നിഗമനം. സിസി ടിവിക്ക് പിന്നാലെ പോയി ബോറടിച്ചപ്പോള്‍ കുറച്ചുകൂടി തന്ത്രപരമായ മറ്റൊരു വഴി തേടി. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെ തേടിപ്പിടിച്ചു പോലീസ്. ആരെയോ പിടിച്ചു. തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും ആള്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് തീരുമാനമായി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട് തടിയൂരി. ദിവസങ്ങള്‍ പിന്നെയും പോയി. ‘കിട്ടിയോ’ എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഉയർന്നുതന്നെ നില്‍ക്കുന്നു. അതിനിടെ ഫോറന്‍സിക് പരിശോധനാഫലം വന്നപ്പോള്‍ ഏറുപടക്കം പോലെ മാരകസ്ഫോടനശേഷിയില്ലാത്ത എന്തോ വസ്തു!  അതുകൂടിയായപ്പോള്‍ അന്വേഷണത്തിന്‍റെ ഗതി പിന്നെയും മാറി. ജയരാജന്‍റെ ‘അന്വേഷണ റിപ്പോർട്ട്’ കയ്യിലിരുന്ന് പൊട്ടുകയും ചെയ്തു.

ദിവസങ്ങള്‍ പിന്നെയും മുന്നോട്ടുപോയി. പോലീസിന് അന്വേഷിക്കാതെ വഴിയില്ലല്ലോ. ഫേസ്ബുക്ക് പോസ്റ്റിട്ടവരെയും അവരുടെ മൊബൈല്‍ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നു. അതിലും ഒന്നും തെളിയുന്നില്ല. പടക്കം എറിഞ്ഞത് ഡിയോ സ്കൂട്ടറിലെത്തിയ ആരോ ആണ്. സകല ഡിയോ സ്കൂട്ടറുകാരെയും ചികഞ്ഞെടുത്തു. എന്നിട്ടും  ഒന്നും ശരിയാവുന്നില്ല. പടക്കത്തിന്‍റെ ലിങ്ക് മിസ് ആകാന്‍ പാടില്ലല്ലോ. അവസാനം പടക്കക്കച്ചവടക്കാരെ തേടി അലയുകയാണിപ്പോള്‍ പോലീസെന്നാണ് വിവരം. എന്തായാലും അന്വേഷണം ‘ശരവേഗത്തില്‍’ ഇങ്ങനെ മുന്നോട്ടുപോവുകയാണ്. ഇങ്ങനെയാണ് അന്വേഷണമെങ്കില്‍ പോലീസിന്‍റെ അടുത്ത ‘നിർണായക നീക്കം’ എന്താകും എന്ന ആകാംക്ഷയും തെല്ലൊരു ആശങ്കയും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാണ്. എന്തായാലും ‘കിട്ടിയോ’ എന്ന ചോദ്യം എകെജി സെന്‍ററിന് മുകളില്‍ പൊട്ടാറായി നില്‍ക്കുകയാണ്.