പോലീസ് അതിക്രമം,ലാത്തിചാര്‍ജ്, ഗ്രനേഡ്, ജലപീരങ്കി; യൂത്ത് കോൺഗ്രസ് നിയമസഭ മാർച്ചില്‍ സംഘര്‍ഷം

Jaihind Webdesk
Tuesday, December 6, 2022

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടു
നിയമസഭയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരേ പോലീസതിക്രമം . പ്രവർത്തകരെ ലാത്തിചാർജ് ചെയ്ത പോലിസ് ഗ്രനേഡും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മുന്നറിയിപ്പില്ലാത്ത ഗ്രനേഡ് പ്രയോഗത്തിൽ ഒരു പ്രവർത്തകനു ഗുരുതരമായി പരിക്കേറ്റു. പോലീസതിക്രമം നിയമസഭയിൽ ഉന്നയിക്കുമെന്നും ഉത്തരവാദികളായ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും പിസി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള എം എൽ എ മാർ ആവശ്യപ്പെട്ടു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് നിയമസഭാ കവാടത്തിന് മുന്നിൽ പോലിസ് തടഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി
ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർക്ക് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു
നിയമന കത്ത് വിവാദ അന്വേഷണം അട്ടിമറിക്കുകയാണെന്നും സമരം ശക്തമാക്കുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

ഉദ്ഘാടന ശേഷം സമരം കൂടുതൽ ശക്തമായതോടെ പോലിസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും വക്കേറ്റവുമുണ്ടായി.
ഇതിനിടയിൽ മുന്നറിയിപ്പിലാതെ പോലിസ് പ്രവർത്തകർക്ക് നേരേ ഗ്രനേഡെറിഞ്ഞു. ഗ്രനേഡു പ്രയോഗത്തിൽ കാരേറ്റ് സ്വദേശിയായ വിഷ്ണു എന്ന പ്രവർത്തകനു ഗുരുതരമായി പരിക്കേറ്റു. പ്രവർത്തകനെ ആശുപത്രിയിലേക്കു കൊണ്ടുപോകുവാൻ പോലീസ് തടസം നിന്നത് പ്രതിഷേധത്തിന് ഇടയാക്കി

പ്രവർത്തകരെ പിരിച്ച് വിടുവാൻ ലാത്തിചാർജ് നടത്തിയ പോലിസ് നിരവധി തവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.

ഇതിനിടയിൽ സ്ഥലത്തെത്തിയ പിസി വിഷ്ണുനാഥ് , ടി സിദ്ധിക്ക് ഉൾപ്പടെയുള്ള എംഎൽഎമാർ അതിക്രമം നടത്തിയ പോലിസുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രശ്നം സഭയിൽ ഉന്നയിക്കുമെന്നും പറഞ്ഞു.