പാലക്കാട് അര്‍ധരാത്രിയില്‍ പോലീസ് നടത്തിയ അതിക്രമം ; വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മീഷന് പരാതി നല്‍കി

Jaihind Webdesk
Wednesday, November 6, 2024


തിരുവനന്തപുരം : പാലക്കാട് അര്‍ധരാത്രിയില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന സ്ഥലത്തെത്തി പോലീസ് നടത്തിയ അതിക്രമത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മീഷന് പരാതി നല്‍കി.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലായിരുന്ന മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഷാനിമോള്‍ ഉസ്മാന്‍, മുന്‍ എംഎല്‍എ, അഡ്വ.ബിന്ദു കൃഷ്ണ എന്നിവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി വനിത സേനാംഗങ്ങള്‍ ഇല്ലാതെ പോലീസ് നടത്തിയ റെയ്ഡ് സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും സ്ത്രീസുരക്ഷാ ലംഘനവുമാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ തിരഞ്ഞെടുപ്പ് വേളയില്‍ പോലീസ് പരിശോധന പാടുള്ളു എന്നിരിക്കെ വനിത പോലീസിന്റെ പോലും സാന്നിധ്യമില്ലാതെ നടത്തിയ റെയ്ഡ് നിയമവിരുദ്ധമാണ്.

പരാതിയില്‍ വനിതാ നേതാക്കള്‍ക്ക് നേരെ പോലീസ് നടത്തിയ നിന്ദ്യമായ പ്രവൃത്തിയില്‍ വനിതാ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും വനിതാ നേതാക്കളുടെ മുറികളില്‍ അനധികൃതമായി കടന്നുകയറിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യണമെന്നും ആവശ്യപ്പെട്ടു. പോലീസ് അധിക്ഷേപത്തിന് ഇരയായ വനിതാ നേതാക്കളെ സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നേരിട്ട് മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കണം.