മാനവീയം വീഥിയിലെ ‘തല്ലുമാല’; നൈറ്റ് ലൈഫില്‍ നിരീക്ഷണം കൂട്ടാന്‍ പോലീസ്

Jaihind Webdesk
Saturday, November 4, 2023

 

തിരുവനന്തപുരം:  നൈറ്റ് ലൈഫിന് തുറന്നു കൊടുത്ത മാനവിയും വീഥിയിൽ കഴിഞ്ഞദിവസം നടന്ന കൂട്ടയടിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണം കർശനമാക്കാൻ പോലീസ്. റോഡിന്‍റെ ഇരുവശത്തും ബാരിക്കേഡ് സ്ഥാപിക്കും. രാത്രി 11 മണിക്ക് ശേഷം ദ്രുതകർമ്മസേനയെ വിന്യസിക്കാനും കൂടുതൽ സിസി ടിവികൾ സ്ഥാപിക്കാനും തീരുമാനം.

ഇന്നലെ രാത്രിയാണ് കേരളീയം വേദിയായ നവീകരിച്ച മാനവീയം വീഥിയില്‍ കൂട്ടത്തല്ല് നടന്നത്. പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഡാന്‍സ് കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുവാവിനെ നിലത്തിട്ട് മര്‍ദ്ദിക്കുന്നതിനിടെ എതിര്‍സംഘം നൃത്തം ചെയ്ത് ആഘോഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റ പൂന്തുറ സ്വദേശി പോലീസിന് മൊഴി നല്‍കിയതോടെയാണ് കേസെടുത്തത്.

അതേസമയം മാനവീയം വീഥിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നൈറ്റ് ലൈഫില്‍ പരിശോധന കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് പോലീസ്. റോഡിന്‍റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കുമെന്നും ഡ്രഗ് കിറ്റ് കൊണ്ടുള്ള പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.  കൂടാതെ മാനവീയം വീഥിയില്‍ കൂടുതല്‍ സിസി ടിവികള്‍ സ്ഥാപിക്കുമെന്നും രാത്രി 11 മണിക്ക് ശേഷം രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കുമെന്നും അറിയിച്ചു.