യുവനടിയെ അപമാനിച്ച സംഭവം : പ്രതികളെ തിരിച്ചറിഞ്ഞു ; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

Jaihind News Bureau
Friday, December 18, 2020

 

കൊച്ചി: കൊച്ചിയിൽ മാളില്‍ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ  തിരിച്ചറിഞ്ഞു. കളമശേരി പൊലീസ് ഇടപ്പള്ളിയിലെ മാളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്നാണ് 2 പ്രതികളെയും തിരിച്ചറിഞ്ഞത്.
അതിനിടെ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

ഇന്നലെ രാത്രിയാണ് വിവരം നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നതായും നടി പോസ്റ്റിൽ പറയുന്നുണ്ട്. ഹൈപ്പർ മാർക്കറ്റ് ഭാഗത്തു വച്ചാണ് ശരീരത്തിൽ സ്പർശിച്ചത്. പിന്നീട് പച്ചക്കറി വാങ്ങുന്നയിടത്തും പിന്തുടർന്നു. ഏതൊക്കെ ചിത്രങ്ങളിൽ അഭിനയിച്ചുവെന്നും ചോദിച്ചു. തന്‍റെ ശരീരത്തിൽ യുവാവ് കൈ വെച്ചതിന് സഹോദരി സാക്ഷിയാണെന്നും നടി പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.

അതേ സമയം യുവനടിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എത്രയുംവേഗം നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകി. ഭയപ്പെടാതെ ഉടൻ പ്രതികരിക്കാൻ സ്ത്രീകൾ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങൾ ചോദിച്ചറിയുമെന്നും എം.സി ജോസഫൈൻ അറിയിച്ചു.