ദീപുവിനെ വധിച്ചത് പണം തട്ടാനെന്ന് സംശയിച്ച് പോലീസ്; ഇൻഷുറൻസ് പണം തട്ടാൻ ദീപു തന്നെ ആസൂത്രണം ചെയ്തതെന്ന് പ്രതി

Jaihind Webdesk
Thursday, June 27, 2024

 

തിരുവനന്തപുരം: ക്വാറി ഉടമയായ ദീപുവിന്‍റെ കൊലക്കേസിലെ പ്രതി ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷാജിയെയും കസ്റ്റഡിയിലുള്ള ഇയാളുടെ ഭാര്യയെയും ഇന്നലെയും മലയത്തെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നെങ്കിലും പ്രാഥമിക പരിശോധനയ്ക്കു ശേഷം പോലീസ് മടങ്ങിപ്പോയി. ഇന്ന് വീണ്ടും തെളിവെടുപ്പിനായി പ്രതിയെ മലയിൻകീഴിൽ എത്തിക്കാൻ സാധ്യതയുണ്ട്.

അതേസമയം കൊലപാതകത്തെക്കുറിച്ച് പ്രതി പറയുന്ന മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് പോലീസ് പറയുന്നു. കടം കൂടിയതിനാൽ ഇൻഷുറൻസ് ലഭ്യമാകാൻ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ പോലീസ് ഇത് തള്ളിക്കളയുന്നു. മോഷണത്തിന് വേണ്ടി തന്നെയായിരുന്നു കൊലപാതകം എന്നാണ് പോലീസിന്‍റെ ഇതുവരെയുള്ള നിഗമനം. ഇതിന് ആവശ്യമായ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് പറയുന്നു

കൊലപാതകത്തിന് പിന്നാലെ കാറിനുള്ളിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോയതിന്‍റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അമ്പിളി പിടിയിലാകുന്നത്. അമ്പിളിയെ പിടികൂടാൻ തമിഴ്നാട് പോലീസ് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ഒളിത്താവളത്തിൽ വെച്ചായിരുന്നു പിടികൂടിയത്. മൂന്ന് കൊലപാതക കേസുകൾ അടക്കം 50 ലേറെ കേസുകളിൽ പ്രതിയാണ് ചൂഴാറ്റുകോട്ട അമ്പിളി എന്ന ഷാജി. ദീപുവിനെ അമ്പിളി കൊലപ്പെടുത്തിയതിന്‍റെ കാരണം ഇപ്പോഴും ദുരൂഹം. ദീപുവിന്‍റെ കയ്യിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ എവിടെപ്പോയെന്ന് വ്യക്തമല്ല, കട്ടർ ഉപയോഗിത്താണ് കഴുത്തറുത്തതെന്നാണ് സൂചന. കൂടുതർ പേരുടെ സഹായം ഉണ്ടോ എന്നും പരിശോധിക്കുന്നു. ഇത്രയും ക്രിമിനലായ അമ്പിളിയെ എന്തിന് ദീപു യാത്രയിൽ ഒപ്പം കൂട്ടി എന്നതും ദുരൂഹമാണ്.