യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച ദൃശ്യം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസ് കാക്കി വേഷമിട്ട നരാധമന്മാരാണെന്നും, പോലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങളാക്കുന്ന ക്രിമിനലുകളുടെ സംഘമാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഘങ്ങളെ വളര്‍ത്തുന്നത് സി.പി.എമ്മും അതിനെ നിയന്ത്രിക്കുന്ന ഉപജാപകസംഘങ്ങളുമാണെന്നും അദ്ദേഹം ആരോപിച്ചു.
സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെതിരെ കള്ളക്കേസ് ചുമത്തി ക്രൂരമായി മര്‍ദിച്ചത്. കുന്നംകുളം എസ്.ഐ. നുഹ്‌മാന്റെ നേതൃത്വത്തില്‍ മൂന്നിലധികം പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. മര്‍ദനത്തില്‍ സുജിത്തിന് കേള്‍വി ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. 2023-ല്‍ നടന്ന ഈ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ നിയമപോരാട്ടത്തിലൂടെ വിവരാവകാശ നിയമപ്രകാരമാണ് ലഭ്യമായത്.
പൊലീസിലെ ക്രിമിനലുകളെ വളര്‍ത്തുന്നതില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനമായി വ്യാഖ്യാനിച്ച മുഖ്യമന്ത്രി ഈ ദൃശ്യങ്ങള്‍ കണ്ട് ലജ്ജിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കാക്കി വേഷമിട്ട ഈ ‘മനുഷ്യ മൃഗങ്ങളെ’ ഒരു നിമിഷം പോലും സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കരുതെന്നും, ഇന്ന് തന്നെ കര്‍ശന നടപടി എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ക്രിമിനലുകളെ സംരക്ഷിക്കുന്ന പതിവുരീതി തുടര്‍ന്നാല്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.