സുധാകരനെതിരായ പരാതിയില്‍ നിയമോപദേശം തേടി പൊലീസ് ; ഇടപെട്ട് സിപിഎം, ഇന്ന് പ്രത്യേക ലോക്കല്‍ കമ്മിറ്റി യോഗം

Jaihind Webdesk
Monday, April 19, 2021

ആലപ്പുഴ : മന്ത്രി ജി സുധാകരന് എതിരായ പരാതിയില്‍ നിയമോപദേശം തേടി അമ്പലപ്പുഴ പൊലീസ്. കേസെടുക്കണമോ എന്ന കാര്യത്തിലാണ്  നിയമോപദേശം തേടിയിരിക്കുന്നത്. കേസെടുക്കാന്‍ പര്യാപ്തമായ കുറ്റങ്ങള്‍ ഈ പരാതിയില്‍ പറയുന്നില്ല എന്നാണ് പോലീസിന് നേരത്തെ കിട്ടിയ ഉപദേശം. ഇപ്പോള്‍ പരാതിക്കാരി ജില്ലാ പൊലീസ് മേധാവിയെെ സമീപിച്ച സാഹചര്യത്തിലാണ് പൊലീസ് നീക്കം.

അതേസമയം വിഷയത്തില്‍ ഇടപെടാന്‍ നിർബന്ധിതരായി സിപിഎം നേതൃത്വം. വിവാദം എങ്ങനെയും അവസാനിപ്പിക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിർദേശം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവും യോഗത്തില്‍ പങ്കെടുക്കും. നേരത്തെ പുറക്കാട് ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് പരാതി നല്‍കിയ ലോക്കല്‍ കമ്മിറ്റി അംഗവും മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ യുവതിയുടെ ഭര്‍ത്താവില്‍നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കണമെങ്കില്‍ തന്‍റെ ഭാര്യ നല്‍കിയ പരാതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. അതേസമയം പരാതിയില്‍ കഴമ്പില്ലെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് മന്ത്രി ജി സുധാകരന്‍റെ ആവശ്യം.

മന്ത്രി ജി സുധാകരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ അമ്പലപ്പുഴ പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ജില്ലാ പോലീസ് മേധാവിക്ക് പുതിയ പരാതി നൽകിയത്. സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശം നടത്തിയെന്നുമാണ് പരാതി. മന്ത്രിയും ഭാര്യയും ചേര്‍ന്ന് തന്നെയും ഭര്‍ത്താവിനെയും തേജോവധം ചെയ്യുന്നതായും കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയതായും പരാതിയില്‍ ആരോപിച്ചു. ഈ പരാതിയില്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ പരാതി നല്‍കിയത്.

നേരത്തെ മന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ഇവർ പറഞ്ഞിരുന്നു. പരാതി പിന്‍വലിച്ചെന്ന തരത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് പരാമർശത്തെ ഇവർ നിഷേധിക്കുകയും ചെയ്തു. പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്നും പരാതിക്കാരി വ്യക്തമാക്കി.