ശശീന്ദ്രനെതിരായ പരാതി : കേസെടുക്കുന്നതില്‍ നിയമോപദേശം തേടി പൊലീസ്

Jaihind Webdesk
Wednesday, July 21, 2021

തിരുവനന്തപുരം : പീഡന പരാതി ഒത്തുതീർക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടെന്ന പരാതിയില്‍ പൊലീസ് നിയമോപദേശം തേടി. കേസെടുക്കാനാകുമോ എന്ന് പൊലീസ് പരിശോധിക്കും.

അതേസമയം ഫോൺവിളി വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും ഇനി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്‌. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. അതേസമയം മുഖ്യമന്ത്രി വിളിപ്പിച്ചിട്ടാണോ നേരിട്ടുള്ള കൂടിക്കാഴ്ച എന്ന് വ്യക്തമല്ല.

വിഷയത്തില്‍ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ രംഗത്തെത്തി. മന്ത്രി പീഡനക്കേസില്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു ചാക്കോയുടെ പ്രതികരണം. ശശീന്ദ്രൻ വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്നത്തിന് പരിഹാരം കാണാനാണ്. ഇക്കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചതാണെന്നും മന്ത്രിയോട് രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നും പി.സി ചാക്കോ.