ശബരിമല : ദർശനത്തിനായി മനിതിസംഘം എത്തുമെന്ന് അഭ്യൂഹം; കർശന പരിശോധന

Jaihind Webdesk
Saturday, March 16, 2019

Sabarimala-Police

ശബരിമലയിൽ ദർശനത്തിനായി പത്തംഗ മനിതിസംഘം എത്തുമെന്ന് അഭ്യൂഹത്തെ തുടർന്ന് പമ്പയിലും നിലയ്ക്കലും പൊലീസ് പരിശോധന കർശനമാക്കി. പതിനെട്ടാം പടിക്ക് താഴെയും കർശന പരിശോധന. യുവതികളെ തടയാന്‍ പൊലീസിന് സര്‍ക്കാരില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശമാണ് ഉള്ളത്. ഇതുവരെ മലകയറാനെത്തിയ എല്ലാ യുവതികളെയും സന്നിധാനത്തെത്തിച്ചത് പൊലീസിന്‍റെ രഹസ്യമായ നീക്കങ്ങളിലും തന്ത്രങ്ങളിലൂടെയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം നടപടികള്‍ സ്വീകരിച്ച് അത് വിവാദമായാല്‍ എതിരാളികള്‍ക്ക് അത് രാഷ്ട്രീയ നേട്ടമാകുമെന്ന് കരുതിയാണ് സര്‍ക്കാര്‍ ഇത്തവണ ഈ ശ്രമം ഉപേക്ഷിച്ചിരിക്കുന്നത്.

എരുമേലി, കാഞ്ഞിരപള്ളി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ മൂന്ന് ഗ്രൂപ്പുകളായി മനിതി സംഘം തമ്പടിച്ചിരിക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരങ്ങൾ. ശബരിമലയിൽ യുവതികളെത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയെങ്കിലും പതിവ് പോലെ യുവതികളെത്തിയാൽ തടയാൻ ഇത്തവണ പ്രതിഷേധക്കാരില്ല. നാമജപ പ്രതിഷേധവും മറ്റും സംഘര്‍ഷങ്ങളിലേയ്ക്ക് വഴിവച്ചാല്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലാകുന്നത് ഒഴിവാക്കാനും വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഭയമാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

അതേസമയം, യുവതികളെ ഏത് വിധേനയും തടയാനാണ് ഇക്കുറി പൊലീസിന് ഉന്നതങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്ന കർശന നിർദേശം. യുവതികൾ കയറിയാൽ അത് വൻ വിവാദമാക്കി വോട്ടർമാരിൽ ബിജെപിയ്ക്ക് അനുകൂല തരംഗമുണ്ടായേക്കാമെന്ന തിരിച്ചറിവിലാണ് പൊലീസിന് പുതിയ അടവ് നയം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കർശന പരിശോധനയുമായി പമ്പയിലും, നിലക്കലും നിലയുറപിച്ചിരിക്കുന്ന പൊലീസ് യുവതികൾ എന്ന് തോന്നുന്നവരെ നിലക്കലിൽ നിന്നും തന്നെ മടക്കി അയക്കുകയാണ്.

പമ്പ ഗണപതി ക്ഷേത്രങ്ങളിൽ യുവതികൾക്ക് എത്താമെങ്കിലും അതിനു പോലും പോലീസ് അനുവദിക്കുന്നില്ല. 10 ദിവസത്തെ ഉത്സവത്തിനായാണ് ഇക്കുറി ശബരിമല നട തുറന്നത്. അന്നു മുതൽ ആര്‍എസ്എസിന്‍റെയും പോലീസിന്‍റെയും നിലപാടുകൾ പ്രകടമായിരുന്നു. ഇത്തവണ നട തുറന്നെങ്കിലും നിരോധനാജ്ഞ നിലവിലില്ല. ഏത് വിധേനയും മണ്ഡലകാലത്ത് യുവതികളെ സന്നിധാനത്തെത്തിക്കുക എന്നതിൽ നിന്നും പിന്തിരിഞ്ഞതിന്‍റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോം നല്‍കി സന്നിധാനത്തെത്തിക്കാന്‍ ശ്രമം നടത്തിയതും പുലര്‍ച്ചെ ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും സന്നിധാനത്ത് എത്തിച്ചതും എല്ലാം വിവാദമായപ്പോഴും ശ്രമങ്ങളുമായി വീണ്ടും മുന്നോട്ട് പോയ സര്‍ക്കാര്‍ ഇപ്പോള്‍ യുവതികളെ തടയാനുള്ള കര്‍ശന നിര്‍ദ്ദേശമാണ് പൊലീസിന് നല്‍കിയിട്ടുള്ളത്. ഇത് പ്രകാരം പോലീസ് ഇപ്പോൾ നിലയ്ക്കലിൽ തന്നെ കെ.എസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞ് നിർത്തി കർശന പരിശോധന നടത്തുകയാണ്. പമ്പ, സന്നിധാനം, പ്രധാന പാത തുടങ്ങിയ സ്ഥലങ്ങളിലാണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്.

നേരത്തെ ഈ പ്രദേശങ്ങളിലെല്ലാം പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ സന്നിധാനത്തെത്തിയപ്പോള്‍ പോലും മറ്റ്‌ സംഘ് പരിവാർ നേതാക്കൾ എത്താതിരുന്നതും ശ്രദ്ധേയമാണ്.