ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി സി ജോര്‍ജ്ജിനെതിരേ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

Jaihind News Bureau
Saturday, March 15, 2025

ലവ് ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കില്ല. ജോര്‍ജിന്‍റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. കേസെടുക്കാനുള്ള നിയമോപദേശം പോലീസിന് ലഭിക്കാതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു പിസി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്. ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതില്‍ 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നുമാണ് ജോര്‍ജ് പ്രസംഗിച്ചത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിച്ച് അയയ്ക്കണമെന്നും ജോര്‍ജ് പരാമര്‍ശിച്ചിരുന്നു.

ജനുവരി 6 നാണ് സമാനമായി ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പിസി ജോര്‍ജ് മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അന്ന് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 28 നാണ് പിസിക്ക് കേസില്‍ ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് കേടതി ജാമ്യം അനുവദിച്ചത്. ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും കോടതിയില്‍ നിന്നും ലഭിച്ചിരുന്നു. എന്നിട്ടും കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പിസിയുടെ മനോഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സമൂഹം. വിഷയത്തിന്റെ ഗൗരവം വലുതാണെന്നും ഇനിയും സമാനമായ കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.