പൊന്ന്യം സ്ഫോടനം : ബോംബ് നിർമാണത്തിനായി ക്രിമിനല്‍ കേസ് പ്രതികളുടെ പ്രത്യേക സംഘമെന്ന് പൊലീസ് ; കൂടുതല്‍ പേരെ കണ്ടെത്താന്‍ ശ്രമം

Jaihind News Bureau
Monday, September 7, 2020

 

കണ്ണൂർ : പൊന്ന്യം സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമവുമായി പൊലീസ്. സ്ഫോടനസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ സൈബർ സെൽ പരിശോധിക്കുന്നു. കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനായി ക്രിമിനല്‍ കേസ് പ്രതികളുടെ പ്രത്യേക സംഘമുണ്ടെന്ന് പൊലീസ്.

ബോംബ് നിര്‍മ്മാണത്തിനായി കണ്ണൂരില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പൊന്ന്യത്ത് നിന്ന് നിര്‍മ്മിച്ച നൂറിലധികം ബോംബുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പോലീസിന് വിവരം ലഭിച്ചു. പൊന്ന്യം ചുണ്ടങ്ങപ്പൊയിലില്‍ നിര്‍മ്മാണത്തിനിടെ ബോംബുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടതായാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സ്ഫോടനവുമായി ബന്ധപ്പെട്ട് സമീപവാസികളിൽ നിന്ന് പൊലിസിന് കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ സൈബർ സെൽ പരിശോധിക്കുകയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമായിരിക്കും.

സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുളള അഴിയൂര്‍ സ്വദേശികളായ എം റെമീഷ്, ധീരജ്, ചുണ്ടങ്ങപ്പൊയില്‍ സ്വദേശി സജിലേഷ് എന്നിവരും പൊന്ന്യം സ്വദേശി അശ്വന്തുമാണ് കസ്റ്റഡിയുളളത്. ഇവരില്‍ മൂന്നുപേരും വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. സംഭവത്തില്‍ പിടിയിലാകാനുളള മറ്റ് രണ്ട് പേരെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പൊന്ന്യത്ത് നിന്ന് കടത്തിയിട്ടുള്ള ബോംബുകള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.