ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മാർച്ചിന് നേരെ പോലീസ് അതിക്രമം; എംപിമാരെ വലിച്ചിഴച്ചു, അറസ്റ്റ് ചെയ്തു; രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ കാലിന് പരിക്ക്

Jaihind Webdesk
Tuesday, June 21, 2022

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്ന ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പ്രതിഷേധിച്ച എംപിമാരെയെല്ലാം പോലീസ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് അതിക്രമത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ കാലിന് പരിക്കേറ്റു.

അറസ്റ്റിലായ നേതാക്കളെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോലീസ് മാറ്റുകയാണ്. അതേസമയം ഇത്തരം പ്രതികാര രാഷ്ട്രീയത്തിന് മുന്നില്‍ കോണ്‍ഗ്രസ് പതറില്ലെന്നും സമരത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോവില്ലെന്നുംഎഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി വ്യക്തമാക്കി. വിജയം കാണും വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളക്കേസില്‍ ഇഡി അഞ്ചാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ അവസാനിപ്പിച്ച കേസ് വീണ്ടും കുത്തിപ്പൊക്കി രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്ന ബിജെപി നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നാല് ദിവസം കൊണ്ട് 40 മണിക്കൂറിലേറെ സമയമാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നും ചോദ്യം ചെയ്യല്‍ തുടരുകയാണ്. നാല് ദിവസം ചോദ്യം ചെയ്തിട്ടും എന്തെങ്കിലും പുതുതായി കണ്ടെത്താന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ടുപോകുന്നതിനെയും കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു.

അതിക്രൂരമായ നടപടിയാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടാകുന്നത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്തുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. എംപിമാര്‍ക്കെതിരായ പോലീസ് അതിക്രമത്തിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃസംഘം രാഷ്ട്രപതിയെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരായ പൊതുവികാരവും സംഘം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ അറിയിച്ചു.