സെക്രട്ടറിയേറ്റ് തീപിടിത്തം : ഫോറൻസിക് റിപ്പോർട്ട് തള്ളി പൊലീസ്

Jaihind News Bureau
Monday, November 9, 2020

 

തിരുവനന്തപുരം:  സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ ഫോറൻസിക് റിപ്പോർട്ട് തള്ളി പൊലീസ് . ഷോർട്ട് സർക്യൂട്ട് മൂലം ഫാനിൽ നിന്ന് തീ പിടിച്ചതായാണ് പൊലീസിന്‍റെ വിശദീകരണം. തീപിടിത്തത്തിന്‍റെ അനിമേഷൻ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടു. തീപിടിത്തം ആസൂത്രിതമാണെന്ന നിഗമനത്തിലുറയ്ക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഫാൻ തുടർച്ചയായി പ്രവർത്തിച്ചതാണ് തീപിടിത്തത്തിന്  കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഫോറൻസിക്ക് റിപ്പോർട്ടിൽ പറയുന്ന മദ്യക്കുപ്പികൾ കണ്ടെത്തിയത് തീപിടിത്തം നടന്നതിന് ഏറെ അകലെയാണെന്നാണ് പൊലീസ് വിശദീകരണം. തീപിടിച്ച ഫാനും വയറുകളും ദേശീയ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കുമെന്നും ഷോർട്ട് സർക്യൂട്ട് വിലയിരുത്താനുളള ശാസ്ത്രീയ സംവിധാനങ്ങൾ എഫ്എസ്എൽ ലാബിൽ ഇല്ലെന്നും പൊലീസ് അറിയിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിൽ നിന്നും ആവശ്യപ്പെട്ട എല്ലാ ഫയലുകളും സുരക്ഷിതമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തീപിടിത്തതിനെ പിന്നാലെ സെക്രട്ടേറിയേറ്റിലെ 4830 ഫയലുകളും 3000 ഫോൺ വിളികളും പരിശോധിച്ചുവെന്നും എന്നാൽ അസാധാരണമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

https://youtu.be/8MWs4MkQgTY