സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍ ; കെ. സുന്ദരയുടെ മൊഴിയെടുക്കുന്നു

Jaihind Webdesk
Sunday, June 6, 2021

കാസര്‍കോട്: സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ കെ. സുന്ദരയുടെ മൊഴിയെടുക്കുന്നു. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.സുന്ദരയെ ബദിയടുക്ക പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടുന്നത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന് ശേഷമാകും തുടര്‍നടപടികള്‍ ഉണ്ടാകുക.

നേരത്തെ, കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ പണം നല്‍കി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. 171-ഇ, 171-ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.