തലസ്ഥാനത്ത് പോലീസിന്‍റെ നരനായാട്ട്; യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസ് അതിക്രമം

Thursday, September 5, 2024

 

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ട്. ഏഴ് തവണയില്‍ അധികം പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് അതിക്രമത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി, ജില്ലാ പ്രസിഡന്‍റ് നേമം ഷജീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കുണ്ട്. പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. അതേസമയം, വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു.

കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുന്നു. ‘ശശിസേന’യിലെ എമ്പോക്കികള്‍ സമരത്തെ തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നില്‍ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിര്‍ദേശം നല്‍കിയത് അജിത് കുമാര്‍ ആണ്. ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.