തിരുവനന്തപുരം: യൂട്യൂബർ വിജയ്.പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകി. തമ്പാനൂർ പൊലീസാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.
കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതിയിലും നിലപാട് കടുപ്പിച്ച് തമ്പാനൂർ പൊലീസ് റിപ്പോർട്ട് നൽകി . ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി നായർക്ക് നേരെ നടത്തിയത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പ്രധാനമായും ഉന്നയിക്കുന്നത്. വാദപ്രതിവാദങ്ങൾ അക്രമത്തിൽ കലാശിച്ചതല്ല. കരി ഓയിലടക്കമുള്ള വസ്തുക്കൾ കയ്യിൽ കരുതിയത് അക്രമം ലക്ഷ്യമിട്ടാണ്. അതുകൊണ്ട് തന്നെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
ഇക്കാര്യങ്ങളൊക്കെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കണമെന്ന ഉദ്ദേശവും പ്രതികൾക്ക് ഉണ്ടായിരുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. വിജയ് പി നായരുടെ വീട് കാണിച്ചുകൊടുത്ത രണ്ടു പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ അവരെ കൂടി പിടികൂടേണ്ടതുണ്ട്. വിജയ് പി നായരെ കയ്യേറ്റം ചെയ്ത ദൃശ്യങ്ങൾ പകർത്തിയ ഫോണും കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പൊലീസിന്‍റെ വാദം. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 23ന് പരിഗണിക്കുമെന്നാണ് സൂചന.