Video | കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി ; സിസി ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Jaihind News Bureau
Thursday, January 9, 2020

കേരള അതിർത്തിയായ കളിയിക്കാവിളയിൽ പൊലീസുദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനായ വില്‍സനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയവർ വെടിയുതിർക്കുകയായിരുന്നു. സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലിനിടെയാണ് വില്‍സന്‍ കൊല്ലപ്പെട്ടത്.

സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികൾ ആരെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസിന്‍റെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വിൽസനെ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ വെടിവെച്ചുകൊലപ്പെടുത്തിയത്. വിൽസൺ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ ഓടി രക്ഷപ്പെട്ടു. നാല് തവണയോളം ആക്രമികൾ വെടിയുതിർത്തതായാണ് വിവരം. എ.എസ്.ഐയുടെ മുഖത്ത് മൂന്ന് വെടിയുണ്ട ഏറ്റിറ്റുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

പ്രതികൾ ആരെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ലെങ്കിലും സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോഴിവിള ഭാഗത്തുനിന്നുള്ള റോഡ് പഴയ റോഡിൽ ചേരുന്നതിന് സമീപത്തായാണ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചെക്ക്പോസ്റ്റിന് സമീപത്ത് കൂടി രണ്ട് യുവാക്കൾ നടന്നെത്തി  വെടിയുതിർക്കുകയും ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേ സമയം ഏതാനും ദിവസം മുൻപ് നാല് നക്സലുകൾ തമിഴ്നാട്ടിലേക്ക് കടന്നതായി തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരമുണ്ടായിരുന്നു. ഇത് പ്രകാരം നക്സലുകളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=6HqWlJVe9JU