വര്‍ക്കലയില്‍ വള്ളംമുങ്ങി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Jaihind Webdesk
Saturday, December 18, 2021

തിരുവനന്തപുരം : പോത്തൻകോട് സുധീഷ് വധത്തിലെ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാൻ വർക്കലയിൽ നിന്ന് പണയിൽ കടവിലേക്ക് പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി ഒരു പൊലീസുകാരൻ മരണപ്പെട്ടു. വള്ളത്തിൽ ഉണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കരയ്ക്കെത്തിച്ചത്. ഒട്ടകം രാജേഷ് പതിയിരിക്കുന്ന സ്ഥലം രഹസ്യ വിവരത്തിലൂടെ തിരിച്ചറിഞ്ഞ പൊലീസ് വള്ളത്തിൽ പണയിൽക്കടവിലേക്ക് പോവുകയായിരുന്നു.

വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർക്കൊപ്പം വർക്കലയിൽ നിന്നുള്ള പൊലീസുകാരും പോയ വഴിമധ്യേ അപകടത്തിൽ പെട്ടത്. വർക്കല സിഐ പ്രശാന്ത്, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത്, എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ബാലു വള്ളക്കാരൻ വസന്തൻ എന്നിവരുൾപ്പെട്ട സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപെട്ടത്. ആദ്യം തന്നെ രണ്ടു പേരെ രക്ഷിച്ചു. പിന്നാലെ കുറച്ചു കഴിഞ്ഞാണ് മൂന്നാമത്തെ പോലീസുകാരനെ കരയ്ക്കെതിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥൻ ആലപ്പുഴ സ്വദേശി ബാലു ആണ് മരിച്ചത്.

വള്ളത്തിൽ തൂങ്ങി കിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികൾ നിലവിളിക്കുകയും നാട്ടുകാരും മറ്റും ഓടിക്കൂടുകയും ചെയ്തു. ഇതിനിടയിൽ തന്നെ രണ്ട് പൊലീസുകാരെ കരയ്ക്കെത്തിച്ചു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും എത്തിയാണ് മൂന്നാമത്തെയാളെ കരയ്ക്കെതിച്ചത്. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.