ഗോരക്ഷാ സംരക്ഷകരുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ടത് അഖ്ലാക് ആൾക്കൂട്ട കൊലകേസ് അന്വേഷണ ഉദ്യോഗസ്ഥൻ

Jaihind Webdesk
Tuesday, December 4, 2018

UP-Cow-Slaughter-1

പശുവിന്‍റെ പേരില്‍ ഉത്തര്‍പ്രദേശില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്ലാക് ആൾക്കൂട്ട കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ ഒരു നാട്ടുകാരനും പൊലീസ് ഉദ്യോഗസ്ഥനും ആണ് കൊല്ലപ്പെട്ടത്. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മുഹമ്മദ് അഖ്ലാക് ആൾക്കൂട്ട കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥൻ സുബോധ് കുമാര്‍ സിംഗ് ആണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോരക്ഷാ സംരക്ഷകരുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. മഹോവ് ഗ്രാമത്തിന് സമീപമുള്ള വനത്തിൽനിന്ന് 25 പശുക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടുകിട്ടിയെന്ന് പറഞ്ഞായിരുന്നു ഗോരക്ഷാ സംരക്ഷകര്‍ കലാപം സൃഷ്ടിച്ചത്. ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസിനു നേരെ ജനക്കൂട്ടം നടത്തിയ കല്ലേറിലാണ് സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അക്രമികൾ ചിങർവതി പൊലീസ് എയ്ഡ്പോസ്റ്റ് കത്തിക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു.

അഖ്‌ലാക്കിന്റെ കൊലപാതകത്തോടെയാണ് ഇന്ത്യയില്‍ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധമുയരുന്നത്. 2015 സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ 9 വരെ കേസ് അന്വേഷിച്ച സുബോധ് കുമാര്‍ സിംഗ് എന്നാല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ കുറ്റപത്രം നല്‍കുമ്പോഴേയ്ക്കും അന്വേഷണ ചുമതല കൈമാറിയിരുന്നു. ഉത്തര്‍പ്രദേശിന്‍റെ ക്രമസമാധന ചുമതലയുള്ള എഡിജിപി ആനന്ദ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

2015 സെപ്റ്റംബര്‍ 28-നാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മുഹമ്മദ് അഖ്‌ലാക് എന്ന 52കാരന്‍ കൊല്ലപ്പെടുന്നത്. പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. 19 പേരായിരുന്നു കേസില്‍ കുറ്റാരോപിതര്‍ എങ്കിലും 15 പേരെ പ്രതിചേര്‍ത്താണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.

സുബോധിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണവും പോസ്റ്റ്‌മോര്‍ട്ടവും നടത്തുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് സുബോധിന്‍റെ മരണത്തിനു കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.