അനധികൃത ഖനനം തടയാനെത്തി: പോലീസുകാരനെ ലോറി കയറ്റി കൊന്നു; സംഭവം ഹരിയാനയില്‍

Jaihind Webdesk
Tuesday, July 19, 2022

ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹില്‍ അനധികൃത ഖനനം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം വാനിടിച്ച് കൊലപ്പെടുത്തി. ഡിഎസ്പി സുരേന്ദ്ര സിംഗ് ബിഷ്‌ണോയ് ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇത് തടയാനായാണ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. ഖനനം ചെയ്ത കല്ലുമായി വന്ന ലോറിയുടെ രേഖകള്‍ പരിശോധിക്കാനായി നിർത്താന്‍ ആവശ്യപ്പെട്ടെങ്കിലും ലോറി പോലീസുദ്യോഗസ്ഥർക്ക് നേരെ ഓടിച്ചുകയറ്റുകയായിരുന്നു.

ഡിഎസ്പി സുരേന്ദ്ര സിംഗ് ബിഷ്‌ണോയ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന ഗണ്‍മാനും ഡ്രൈവറും ഒരു വശത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.