ഡിവൈഎഫ്ഐ ക്രിമിനലുകളെ തൊടാതെ പോലീസ്; നൂറനാട് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ്

ആലപ്പുഴ: കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച്  ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഉപരോധം സംഘടിപ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുത്തു.

കെ.എസ്.യു നേതാവായ അനീഷിനെ വെള്ളിയാഴ്ച വൈകുന്നേരം കരിമുളയ്ക്കൽ ജംഗ്ഷനിൽ വെച്ച് ഡിവൈഎഫ്ഐ സംഘം  കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അനീഷിനെ ഗുരുതര പരിക്കുകളോടെ മേപ്പള്ളികുറ്റി സെന്‍റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പ്രതികളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്.

കഴിഞ്ഞ ദിവസം നൂറനാട് ബ്ലോക്ക്‌ കോൺഗ്രസ്‌ ഭവൻ ഡിവൈഎഫ്ഐ സംഘം അടിച്ചു തർത്തിരുന്നു. പ്രതികളുടെ സിസി ടിവി ദൃശ്യം ലഭിച്ചിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. 14 പേർ പങ്കെടുത്ത ആക്രമണത്തില്‍  മൂന്ന് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.  അനീഷിനെ ആക്രമിച്ച പ്രതികള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ ഉപരോധസമരം.

കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് പുറമേ ഡിസിസി പ്രസിഡന്‍റ്‌ അഡ്വ. ബി ബാബു പ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.പി ശ്രീകുമാർ തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും ഉപരോധത്തില്‍ പങ്കെടുത്തു.

Comments (0)
Add Comment