കണ്ണൂര്‍ പീഡനക്കേസില്‍ സി.പി.എമ്മിലെ വന്‍സ്രാവുകളെ രക്ഷിക്കാന്‍ നീക്കം

Jaihind Webdesk
Saturday, December 8, 2018

Rape-Accused

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സെക്‌സ് റാക്കറ്റില്‍ കുടുക്കി സംസ്ഥാനത്തുടനീളം പല കേന്ദ്രങ്ങളില്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ ഇഴയുന്നു. പല പ്രമുഖരും ഉള്‍പ്പെടാന്‍ സാധ്യതയുള്ള കേസില്‍ വലിയ തോതിലുള്ള സമ്മര്‍ദ്ദം ഭരണകക്ഷിയില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ നേരിടുകയാണ്. ഇപ്പോള്‍ അറസ്റ്റിലായവരില്‍ പലരും ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണ്. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയെ ഇന്നലെ മട്ടന്നൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തു. ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടി. പീഡനത്തിനിരയാക്കിയ പലരേയും വിദ്യാര്‍ത്ഥിനിക്ക് അറിയില്ല .

നേരിട്ടു കണ്ടാല്‍ മാത്രമെ അറിയുള്ളൂവെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് സൂചനയുണ്ട്. പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങളടങ്ങിയ വീഡിയോ സഹോദരനെ കാണിച്ച് ഷെര്‍ണ്ണൂരില്‍ വെച്ച് ഭീഷണിപ്പെടുത്തിയത് ആര് എന്നതു സംബന്ധിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. അശ്ലീല വീഡിയോ ചിത്രീകരിക്കുന്നതും മൊബൈലില്‍ സൂക്ഷിക്കുന്നതും ഗുരുതര കുറ്റമാണ്. എന്നാല്‍ ഐടി ആക്ട് പ്രകാരം ഒരു കേസ് പോലും ഇതേവരെ എടുത്തില്ല, പെണ്‍കുട്ടിയുടെ സഹോദരനെ ഭീഷണിപ്പെടുത്തിയതിനോ ,മര്‍ദ്ദിച്ചതിനോ, കേസെടുത്തില്ല. പെണ്‍കുട്ടിയുടെ പരാതിയില്‍ മാത്രമാണ് കേസെടുത്തിരിക്കുന്നത്. ആരെയൊക്കെയോ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന സംശയം കനക്കുകയാണ്.

ശ്രീകണ്ഠാപുരത്തെ ഒരു കൗണ്‍സിലര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടായിരുന്നതായി സൂചനയുണ്ട്. കണ്ണൂര്‍ ഒണ്ടേന്‍ റോഡിലെ ഒരു ലോഡ്ജ് മുറിയില്‍ എ.ഐ.ടി.യു.സി ഭാരവാഹിയുമായ ഒരാളാണ് പെണ്‍കുട്ടിയെ എത്തിക്കാന്‍ കരാറുണ്ടാക്കിയത്. പെണ്‍കുട്ടിക്ക് വേണ്ടി ഒരു മൊബൈല്‍ ഫോണ്‍ ഇയാള്‍ വാങ്ങുകയും അത് തനിക്കു സമ്മാനിക്കുമെന്ന് പെണ്‍കുട്ടിയെ വീഡിയോ ചാറ്റിങ് വഴി അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ ശ്രീകണ്ഠാപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനിടെയാണ് പെണ്‍കുട്ടി പീഡനപരാതിയുമായി പൊലീസിനെ സമീപിച്ചത്.

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ എത്തിച്ച പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ഈ ദൃശ്യങ്ങള്‍ കാട്ടി ഭയപ്പെടുത്തി സംഘടിതമായി പീഡനം തുടര്‍ന്നുവെന്നാണ് സൂചന. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ വിശദാംശങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കേസ് പുറത്ത് വരുന്നതിന് രണ്ട് മാസം മുമ്പാണ് ഇവര്‍ വിദേശത്തേക്കു പോയത്. പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷില്‍ജേഷ്, പഴയങ്ങാടി മാട്ടൂലില്‍ വച്ച് പീഡിപ്പിച്ച മാട്ടൂല്‍ ഗവ ഹൈസ്‌കൂളിന് സമീപത്തെ ഷിനോസ്, മാട്ടൂലിലെ മുനീസ് മുസ്തഫ എന്നിവരാണു വിദേശത്തേക്ക് പോയത്. ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായി കേസന്വേഷിക്കുന്ന തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. കേസില്‍ രണ്ടു പേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. ഇരിട്ടി തോലാമ്പ്ര ശക്തിനഗര്‍ കോളനിയിലെ പുത്തന്‍പുരക്കല്‍ ബബിന്‍ (25) , പറശിനിക്കടവ് തളിയിലെ അക്ഷയ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.