സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ ‘പൊള്ളി’ ; പിന്നാലെ ഫൊറന്‍സിക്കില്‍ പിടിമുറുക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് നീക്കം

Jaihind News Bureau
Saturday, October 10, 2020

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിന് വിരുദ്ധമായ റിപ്പോർട്ട് നല്‍കിയതിന് പിന്നാലെ ഫൊറന്‍സിക്കില്‍ പിടിമുറുക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് നീക്കം. ഫൊറന്‍സിക് ഡയറക്ടറായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ആഭ്യന്തരവകുപ്പിന് കത്ത് നല്‍കി. ശാസ്ത്രരംഗത്തെ വിദഗ്ധരെയാണ് ഫൊറന്‍സിക് ഡയറക്ടറായി നിയമിക്കുന്നത് എന്നിരിക്കെയാണ് ചട്ടം മറികടന്ന് പൊലീസിന്‍റെ നീക്കം. മുഖ്യമന്ത്രിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ദുരുദ്ദേശപരമായ ഈ നീക്കത്തില്‍ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന ഏജന്‍സികളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി കോടതിക്ക് നല്‍കുന്ന സ്വതന്ത്ര സ്ഥാപനമാണ് ഫൊറന്‍സിക് ലാബ്. കേസ് അന്വേഷണത്തില്‍ നിര്‍ണായക പങ്ക് നിർവഹിക്കുന്നത് ഫൊറന്‍സിക് വിഭാഗമാണ്. നിലവില്‍ ഫൊറന്‍സിക് പരിശോധനയില്‍ ഇടപെടാന്‍ പൊലീസിന് അധികാരമില്ല. കോളിളക്കമുണ്ടാക്കുന്ന കേസുകളില്‍ പോലും നിഷ്പക്ഷ റിപ്പോര്‍ട്ട് നല്‍കാനാകുന്ന രീതിയിലാണ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനം. ഇതിന്‍റെ തലപ്പത്തേക്ക് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം.

ഫൊറന്‍സിക്കിന്‍റെ ഡയറക്ടർ സ്ഥാനം അലങ്കരിക്കുന്നത് മുതിർന്ന ശാസ്ത്രജ്ഞനാണ്. ഇതിന്‍റെ തലപ്പത്തേക്കാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ഡി.ജി.പി കത്ത് നല്‍കിയിരിക്കുന്നത്. ഐ.ജി അല്ലങ്കില്‍ ഡി.ഐ.ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഡയറക്ടറാക്കണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം. വിവാദമായ സെക്രട്ടറിയേറ്റ് തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഫൊറന്‍സിക് റിപ്പോർട്ട് നല്‍കിയിരുന്നു. സർക്കാർ സമിതിയുടെ റിപ്പോർട്ടിന് കടകവിരുദ്ധമായ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നീക്കമെന്നതും ശ്രദ്ധേയമാണ്.

നേരത്തെ തന്നെ ഫൊറന്‍സിക് ലാബുകളില്‍ പൊലീസ് ഇടപെടലിന് ഡി.ജി.പി കളമൊരുക്കിയിരുന്നു. സഹായികളെന്ന പേരില്‍ പൊലീസുകാരെ ലാബില്‍ നിയോഗിച്ചത് വിവാദമായിരുന്നു. പി.എസ്.സി വഴി നിയമനം നടത്തേണ്ട തസ്തികകളിലേക്ക് പൊലീസ് ഉന്നതര്‍ നേരിട്ടപെട്ടാണ് ഉദ്യോഗസ്ഥരെ തി‍രഞ്ഞെടുത്തത്. കേസുകള്‍ അട്ടിമറിക്കപ്പെടാനും ലാബുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനും ഇത് വഴിയൊരുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഫൊറന്‍സിക് തലപ്പത്തേക്കും പൊലീസ് ഉന്നതരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.