പത്തനംതിട്ടയില്‍ നടന്നത് പോലീസ് നരനയാട്ട്; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം; പ്രതിപക്ഷ നേതാവ്

Jaihind News Bureau
Wednesday, February 5, 2025


തിരുവനന്തപുരം : പത്തനംതിട്ടയില്‍ ഇന്നലെ രാത്രി നടന്നത് പോലീസിന്റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ്.ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണ് വിവാഹ സംഘത്തിലുള്ളവരെ പോലീസ് തല്ലിച്ചതച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പോലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. അധികാര ദുര്‍വിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെങ്കില്‍ അത് അനുവദിക്കില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

എന്തധികാരത്തിലാണ് പോലീസ് നിരപരാധികളെ തല്ലിച്ചതച്ചതെന്നും അദ്ദേഹം ചോദിച്ചു.പോലീസിന്റെ പരാക്രമത്തിന് സി.സി ടി.വി ദൃശ്യങ്ങള്‍ തെളിവാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നടപടി സ്വീകരിക്കണം. ക്രൂരമായ മര്‍ദ്ദനം എല്‍ക്കേണ്ടി വന്നവരുടെ പരാതിയില്‍ കൃത്യമായ അന്വേഷണം നടത്തി നിയമനടപടി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതെസമയം കേരളത്തിലെ പോലീസ് സി.പി.എമ്മിന് അടിമവേല ചെയ്യാനുള്ളവരല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ളവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.