കണ്ണൂരില്‍ പെട്രോള്‍ പമ്പിലേയ്ക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറി; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Jaihind Webdesk
Monday, October 16, 2023


കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കളക്ടറേറ്റിന് മുന്നിലെ പെട്രോള്‍ പമ്പിലേക്കാണ് ഇടിച്ചു കയറിയ ജീപ്പ് ബാരിക്കേഡ് തകര്‍ത്ത്, പമ്പില്‍ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഓടി മാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ വെളിപ്പെടുത്തുന്നു. ആര്‍ക്കും പരിക്കില്ല. നിയന്ത്രണം വിട്ട ജീപ്പ് ആദ്യം ബാരിക്കേഡ് മറികടന്നു. പിന്നീട് അവിടെയുണ്ടായിരുന്ന സിറ്റി ട്രാഫിക് പൊലീസിന്റെ ബാരിക്കേഡും തകര്‍ത്താണ് പെട്രോള്‍ പന്പിലേക്ക് ഇടിച്ചു കയറിയത്.ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ച്, ഇന്ധനം നിറക്കുന്ന യന്ത്രമുള്‍പ്പെടെ തകര്‍ത്താണ് പൊലീസ് ജീപ്പ് നിന്നത്. ഇന്ധന ചോര്‍ച്ചയുണ്ടാകുമോയെന്ന് ആശങ്കയുടെ സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. പൊലീസ് ജീപ്പ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്.