കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Jaihind Webdesk
Wednesday, June 19, 2024

 

കണ്ണൂർ: കണ്ണൂർ എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബോംബിന്‍റെ ഉറവിടം സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്ത് സജീവമായ പാർട്ടി ഗ്യാങ്ങുകൾ ബോംബ് ഇവിടെ കൊണ്ടു വെച്ചതുമായി ബന്ധമുണ്ടൊയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. തലശേരി മേഖലയിൽ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ പ്രതികളായ സിപിഎം – ബിജെപി പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ പോലീസിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നു. പോലീസ് കർശനമായ പരിശോധനയും, നടപടിയും സ്വീകരിക്കാത്തത് കൊണ്ടാണ് തലശേരി മേഖലയിൽ ബോംബ് നിർമ്മാണം സജീവമായതെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

ഇന്നലെയായിരുന്നു സംഭവം. എരഞ്ഞോളി സ്വദേശി വേലായുധൻ ആണ്  ബോംബ് പൊട്ടി മരിച്ചത്. വേലായുധന്‍റെ വീടിന് സമീപത്തെ ആൾ താമസമില്ലാത്ത വീടിന്‍റെ പറമ്പിൽ നിന്ന് കിട്ടിയ ചെറിയ സ്റ്റീൽ പാത്രം തുറന്നപ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. തേങ്ങ പെറുക്കാനെത്തിയപ്പോള്‍ കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കവെയാണ് സ്ഫോടനം നടന്നത്. ഉഗ്രസ്ഫോടന ശബ്ദം കേട്ട് ഓടി കൂടിയ ആളുകളാണ് ചോരയിൽ കുളിച്ച് കിടക്കുന്ന വേലായുധനെ കണ്ടത്. സ്ഫോടനത്തിൽ വേലായുധന്‍റെ രണ്ട് കൈയും കാലും ചിതറി പോയിരുന്നു. ഗുരുതരമായി പരുക്കേറ്റ വേലായുധനെ തലശേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.