തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോയ കല്ലട ഗ്രൂപ്പിന്‍റെ ബസില്‍ യാത്രചെയ്തവരെ ബസ് ജീവനക്കാര്‍ മർദിച്ച സംഭവത്തിൽ കൊച്ചി മരട് പൊലീസ് കേസെടുത്തു. സുരേഷ് കല്ലടയുടെ വൈറ്റിലയിലെ ഓഫീസ് അടച്ചുപൂട്ടാനും പോലീസ് നിര്‍ദേശം നല്‍കി. സംഭവത്തില്‍ രണ്ടുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ കസ്റ്റഡിയിലുണ്ട്. ബസ് പൊലീസ് പിടിച്ചെടുത്തു. യാത്രക്കാരെ മര്‍ദിച്ച ബസ് ജീവനക്കാരായ ജയേഷ്, ജിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ എറണാകുളം ആര്‍.ടി.ഒ അന്വേഷണം ആരംഭിച്ചു. ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കുമെന്നുംഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ആർ.ടി.ഒ അറിയിച്ചു. ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള നിര്‍ദേശവും നല്‍കും. കല്ലട ഗ്രൂപ്പിന്‍റെ എല്ലാ ബസുകളുടെയും രേഖകള്‍ പരിശോധിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ബസ് ജീവനക്കാര്‍ യാത്രക്കാരോട് ഒന്നും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. ഫോണില്‍ വിളിച്ചിട്ടും ഇവരെ കിട്ടിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. മണിക്കൂറു കളോളം പെരുവഴിയിലായ യാത്രക്കാര്‍ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ കൂട്ടമായി എത്തി യുവാക്കളെ മര്‍ദിക്കുകയായിരുന്നു.