കണ്ണൂര്‍ : പാനൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പൊലീസ് നിഷ്ക്രിയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ യോഗം ബഹിഷ്കരിച്ചത്. കൊലപാതകം നടന്ന് 40 മണിക്കൂറിന് ശേഷവും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റ് പ്രതികളെ പിടികൂടാന്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ല. പൊലീസ് അന്വേഷണം പ്രഹസനമാകുന്നതില്‍ യുഡിഎഫ് നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
പോലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് ആരോപിച്ച് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. പോലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍ വെച്ചും ലീഗ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട കുട്ടിയെ വരെ കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
കൊലയാളികൾക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും തളിപ്പറമ്പിൽ സ്ഥാനാർത്ഥിക്ക് പോലും പൊലീസ് സുരക്ഷ നൽകിയില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ അബ്ദുൽ ഖാദർ മൗലവി എന്നിവരുടെ നേതൃത്വത്തിലാണ് സമാധാന യോഗം ബഹിഷ്കരിച്ച് ഇറങ്ങിയതിന് ശേഷം യുഡിഎഫ് നിലപാട് വിശദീകരിച്ചത്. ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കുമെന്നും എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.