പോലീസ് നിഷ്ക്രിയം; തലസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു; 3 മാസത്തിനിടെ 7 പരാതികള്‍

Jaihind Webdesk
Sunday, February 5, 2023

തിരുവനന്തപുരം:  തലസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞദിവസം രാത്രിയിൽ കനകക്കുന്നിന് സമീപം യുവതിക്ക് നേരെ ആക്രമണം ഉണ്ടായി. പോലീസിന്റെ നിഷ്ക്രിയത്തത്തെ തുടർന്ന് സമീപകാലത്തായി ഏഴിലേറെ അതിക്രമങ്ങൾ ആണ് ഇത്തരത്തിൽ തലസ്ഥാന നഗരത്തിൽ സ്ത്രീകൾക്ക് നേരെ നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ കനകക്കുന്നിലെ സാഹിത്യോത്സവം കണ്ട് മടങ്ങിയ യുവതിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചു. തൃശൂർ സ്വദേശിനിയായ അധ്യാപികയാണ് വെള്ളിയാഴ്ച രാത്രി 11.45 ന് ആക്രമിക്കപ്പെട്ടത്. പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറും ഫുട്ബോൾ മത്സരം കണ്ടു മടങ്ങിയ വിദ്യാർഥിനിയും കനകക്കുന്നിനു സമീപം വച്ച് ആക്രമിക്കപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവവും അരങ്ങേറിയത്. നിശാഗന്ധി ഓഡിറ്റോറിയത്തി ലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നായ കനകനഗർ ഗേറ്റിനു സമീപത്താണ് അധ്യാപിക ആക്ര മണത്തിനിരയാകുന്നത്. മ്യൂസിയം പൊലീസ് സ്റ്റേഷനു വിളിപ്പാടകലയാണിത്. കനകക്കുന്നിന്‍റെ പിന്നിലെ ഗേറ്റു വഴി തമ്പാനൂരിലെ താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്നു അധ്യാപിക. ഒപ്പമുണ്ടായിരുന്ന മറ്റു 2 പേർ അൽപം മുന്നിലായാണ് നടന്നിരുന്നത്. എതിർദിശയിൽ നിന്ന് ബൈക്കിലെത്തിയവരിൽ പിന്നിൽ ഇരുന്ന ആൾ ആണ് യുവതിയുടെ മുഖത്തും കഴുത്തിലും അടിച്ചത്. വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു എത്തിയ സംഘം വെളിച്ചമില്ലാത്ത സ്ഥലത്ത് വച്ചാണ് ആക്രമണം നടത്തിയത്. ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചെങ്കിലും പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.

സിസി  ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നാണ് മ്യൂസിയം പൊലീസ് അറിയിച്ചത്. ഇത്തരത്തിൽ തലസ്ഥാനം നഗരത്തിൽ സ്ത്രീകൾക്കെതിരെ സമീപകാലത്ത് ഏഴിലേറെ അതിക്രമങ്ങളാണ് നടന്നത്. ഇത്തരത്തിലുള്ള അതിക്രമങ്ങൾ തുടർക്കഥയാകുമ്പോൾ പോലീസ് പ്രതികളെ കണ്ടെത്തുന്നതിലും പിടികൂടുന്നതിലും അലംഭാവം തുടരുന്നതായ പരാതികൾ വ്യാപകമാണ്. പോലീസിന്‍റെ നിഷ്ക്രിയത്തിനെതിരെ ശക്തമായ വിമർശനമാണ് പരക്കെ ഉയരുന്നത്