മലപ്പുറത്ത് ഒതുക്കുങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് ആക്രമിച്ചത്. വിദ്യാര്‍ത്ഥിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂളില്‍ ആക്രമം നടന്നത്. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.