തൃശൂര്‍ : സുഹൃത്ത് മാനഭംഗത്തിനിരയായി എന്ന് പരാതിപ്പെട്ട ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ പൊലീസ് കേസ് എടുത്തു. ആരോപണ വിധേയർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് നടപടി. ആരോപണ വിധേയർക്കെതിരെയും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ച് ആളൂർ പോലീസാണ് കേസ് എടുത്തത്. സുഹൃത്തിന്‍റെ മാനഭംഗ പരാതിയിൽ ഇടപെട്ട് മയൂഖ നടത്തിയ പരാമർശങ്ങൾക്കെതിരെ മുരിയാട് എംപറർ ഇമ്മാനുവേൽ സഭയുടെ മുൻ ട്രസ്റ്റി സാബു സെബാസ്റ്റ്യൻ കോടതിയെ സമീപിച്ചിരുന്നു. മയൂഖ അടക്കം പത്ത് പേർ ഗൂഢാലോചന നടത്തി അപകീർത്തിയുണ്ടാക്കുന്ന വാർത്താ സമ്മേളനം നടത്തിയെന്നാണ് പരാതി. സാബു ഇരയുടെ വീടിന് സമീപം കൊണ്ടിട്ടു എന്നു പറയുന്ന നോട്ടീസ് മയൂഖയും കൂട്ടരും തയാറാക്കിയതാണെന്നും ആരോപണമുണ്ട്.
ഇതുസംബന്ധിച്ച ഓഡിയോ- വീഡിയോ റെക്കോർഡിംഗ് എന്ന് അവകാശപ്പെടുന്ന രണ്ട് സി.ഡികളും കോടതിയിൽ ഹാജരാക്കി. അതേസമയം ആരോപണ വിധേയർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതടക്കം മൂന്ന് കേസുകളും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.