അലോപ്പതിക്കെതിരായ പരാമർശത്തില്‍ ബാബാ രാംദേവിനെതിരെ പൊലീസ് കേസെടുത്തു


റായ്പുർ : അലോപ്പതിക്കെതിരായ വിവാദ പരാമർശത്തിൽ ബാബാ രാംദേവിന് എതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഛത്തീസ്ഗഡ് ഘടകം നൽകിയ പരാതിയിലാണ് നടപടി. ദുരന്ത നിവാരണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊവിഡിനെ നേരിടുന്നതിൽ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടു എന്നായിരുന്നു ബാബാ രാംദേവിന്‍റെ വിവാദ പരാമർശം. അലോപ്പതിയെ വിവേകശൂന്യമായതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധൻ ഉള്‍പ്പെടെയുള്ളവര്‍ രാംദേവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

രാംദേവിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിക്കുന്നവയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം ജീവന്‍ പണയംവച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി പോരാടുന്ന കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകള്‍ അപമാനിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു.

 

Comments (0)
Add Comment