വയനാട് നടന്ന ഹർത്താലില്‍ കേസെടുക്കാൻ പോലീസ്; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കും

Jaihind Webdesk
Saturday, February 17, 2024

പുൽപ്പള്ളി: വയനാട് ഇന്ന് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ കേസെടുക്കാൻ പോലീസ്. കാട്ടാന അക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം.  പുൽപ്പള്ളിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമായിരിക്കും പോലീസ് കേസെടുക്കുക. നിരവധി കുറ്റങ്ങളാണ് പ്രതിഷേധക്കാ‍ർക്ക് നേരെ ചുമത്തുക. വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്.

തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത സർക്കാരിനെതിരെയായിരുന്നു പുല്‍പ്പള്ളിയില്‍ ജനരോഷം അണപൊട്ടിയത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ മൃതദേഹവുമായി ആയിരങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി.

പോളിന്‍റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്‍റെ കാറ്റഴിച്ചുവിട്ടു. ജീപ്പിന്‍റെ മുകളിലെ പടുത വലിച്ചുകീറിയെറിഞ്ഞ പ്രതിഷേധക്കാർ വനംവകുപ്പ് എന്നെഴുതിയ റീത്തും ജീപ്പിൽ വെച്ചു. കേണിച്ചിറയിൽ വന്യമൃഗ ആക്രമണത്തിൽ ചത്ത പശുവിന്‍റെ ജഡം വനംവകുപ്പിന്‍റെ ജീപ്പിന്‍റെ ബോണറ്റിന് മുകളില്‍ വെച്ചും പ്രതിഷേധം കടുപ്പിച്ചു. മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്ന നിലപാടിലാണ് നാട്ടുകാർ. മണിക്കൂറുകളായി തുടരുന്ന പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തിവീശുകയായിരുന്നു. പ്രതിഷേധക്കാർ കുപ്പികള്‍ എറിഞ്ഞതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.