തൃശൂർ : ബി ജെ പി യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന മൂന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. സംഭവം ബിജെപിയുടെ തന്നെ ചില നേതാക്കൾ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ 10 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രതികൾ 5 പേർ തൃശ്ശൂർ ജില്ലക്കാരും, മറ്റുള്ളവർ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരുമാണ്.
പ്രതികൾ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തു. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ഏപ്രിൽ മൂന്നിന് പുലർച്ചെ ദേശീയ പാതയിൽ കൊടകരയിൽ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയെടുത്തു എന്നാണ് കേസ്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളം കവർന്നതാണെന്ന് കണ്ടെത്തി.
കോഴിക്കോട് നിന്നും പണവുമായി പുറപ്പെട്ട് തൃശൂരിലെ ബി ജെ പി ഓഫീസിൽ എത്തിയ സംഘത്തിന് ലോഡ്ജിൽ മുറി ശരിയാക്കി നൽകിയത് ജില്ലയിലെ ചില നേതാക്കളാണ്. പിറ്റേന്ന് പുറപ്പെട്ടാൽ മതിയെന്ന് നിർദേശവും നൽകി. ഇത് പണം തട്ടാനുള്ള സംഘത്തിന് അസൂത്രണത്തിനുള്ള സമയം നൽകാനായിരുന്നു എന്ന് സംശയിക്കുന്നു. ഇതിനിടെ പണം മടക്കി നൽകി ഒത്തുതീർപ്പിനുള്ള ശ്രമവും നടക്കുന്നുണ്ട്.