ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടു; സ്ഥിരീകരിച്ച് പൊലീസ്

Jaihind Webdesk
Friday, September 24, 2021

 

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുള്ള സ്വർണ്ണ രുദ്രാക്ഷമാല മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു.നിലവിലുള്ള 72 മുത്തുള്ള മാല 81 മുത്തുള്ള മാലയ്ക്ക് പകരം വച്ചതാണെന്നും പോലീസ് കണ്ടെത്തി.  ഏറ്റുമാനൂർ സിഐ സി.ആർ രാജേഷ് കുമാർ ഇന്ന് ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയാണ് മോഷണം സ്ഥിരീകരിച്ചത്.

മാല മോഷണം പോയതായുള്ള വിവാദം ഉണ്ടായതിനു ശേഷമാണ് 71 മുത്ത് ഉളള മാല റജിസ്റ്ററിൽ ചേർത്തത്. മാലയ്ക്ക് പഴക്കം കുറവാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. നേരത്തെ തിരുവാഭരണ കമ്മീഷണർ എസ് അജിത് കുമാറും, വിജിലൻസ് എസ്.പി പി ബിജോയ് അടങ്ങിയ സംഘം ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇപ്പോഴുള്ള മാലയിൽ വിളക്കിച്ചേർക്കലുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. 81 മുത്തുള്ള മാല ആരെങ്കിലും എടുത്ത് മാറ്റിയതാവാമെന്നും ഇരുവരുടെയും റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു.

പിന്നീട് അന്വഷണ സംഘത്തിന്‍റെ റിപ്പോർട്ട് ദേവസ്വം ബോർഡിനും പോലീസിനും കൈമാറുകുയായിരുന്നു. പിന്നീട് നടന്ന പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് മാല മോഷണം പോയതായി വ്യക്തമായത്. ഇത് മറച്ചുവെക്കാനായിട്ടാണ് 71 മുത്തുള്ള മാല പകരം വെക്കുകയും ഇത് രജിസ്റ്ററിൽ ചേർക്കുകയും ചെയ്തത്.