ഐശ്വര്യകേരള യാത്രയുടെ ജനസ്വീകാര്യതയില്‍ വിറളിപൂണ്ട് സര്‍ക്കാര്‍ ; കേസെടുത്ത് പ്രതികാരം

Jaihind News Bureau
Wednesday, February 3, 2021

 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യകേരള യാത്രയ്ക്കെതിരെ സർക്കാരിന്‍റെ പ്രതികാര നടപടി. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപിച്ച് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി, സിഎംപി സംസ്ഥാന ജന.സെക്രട്ടറി സി.പി ജോണ്‍, തുടങ്ങി 26 യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെ 100 പേര്‍ക്കെതിരെയാണ് കേസ്. സമാനമായ സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലീസും നൂറോളം പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുത്തു.

അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മന്ത്രിമാര്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന അദാലത്തുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. വയോധികരും രോഗികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അദാലത്തില്‍ തിക്കിത്തിരക്കുന്നത്.

നാലായിരം പേര്‍ക്കെതിരെ കേസെടുത്താലും യാത്ര തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത എത്ര കേസെടുത്താലും ഇല്ലാതാകില്ല. അദാലത്ത് നടത്തുന്ന മന്ത്രിമാര്‍ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.